സിനിമയുടെ പേരിലും വര്‍ഗീയ പ്രചരണം; അഘോരിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിഷം ചീറ്റുന്നു

തിരുവനന്തപുരം : സിനിമാ പ്രമോഷന്റെ പേരിലും വര്‍ഗീയ പ്രചരണം നടത്തി സംഘ്പരിവാര്‍ സൈബര്‍ വിഭാഗമായ അഘോരി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ടെലഗ്രാം എന്നിങ്ങനെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി കടുത്ത വിദ്വേഷം വമിക്കുന്ന തരത്തിലാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്. ഹൈന്ദവ സ്വാഭിമാനികളുടെ കൂട്ടായ്മയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ വിഭാഗത്തിന്റെ വിവിധ പേജുകളിലാണ് പ്രചരണം നടക്കുന്നത്.
അടുത്തിടെ റിലീസ് ചെയ്ത ബി.ജെ.പി നേതാവുകൂടിയായ സുരേഷ് ഗോപിയുടെ പാപ്പന് സിനിമയുടെ പ്രമോഷനുവേണ്ടിയാണ് അഘോരി ഗ്രൂപ്പ് കടുത്ത വര്‍ഗീയതയുടെ പശ്ചാത്തലത്തില്‍ പ്രചരണം നടത്തുന്നത്. മട്ടാഞ്ചേരി ഉല്‍പ്പന്നങ്ങളെ സിനിമയില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ ഉണ്ണിമുകുന്ദനേയും സുരേഷ്ഗോപിയുടെ മകന് ഗോഗുല്‍ സുരേഷിനേയും വളര്‍ത്തിക്കൊണ്ടുവരണമെന്നും, മട്ടാഞ്ചേരി ഉത്പ്പന്നങ്ങള്‍ ജിഹാദികളാണെന്നുമാണ് പ്രചരണം.
പാപ്പന് സിനിമ വിജയിപ്പിക്കേണ്ടത് ഓരോ ഹിന്ദുവിന്റേയും കടമയാണെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ജാതി, മത ചിന്തകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമപ്പുറം വൈവിധ്യങ്ങളുടെ കൂട്ടായ്മകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിനിമാലോകത്തെ വര്‍ഗീയ വത്ക്കരിക്കുന്നതിനെതിരെ സിനിമാരംഗത്തുള്ളവര്ക്കുതന്നെ അമര്‍ഷമുണ്ട്. താരങ്ങളുടെ ജാതിയും മതവും നോക്കി അവരുടെ സിനിമയെ പ്രമോട്ട് ചെയ്യുകയും ഡീഗ്രേഡ് ചെയ്യുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും യുവ വനിതാതാരം സുപ്രഭാതത്തോട് പറഞ്ഞു.
എന്നാല്‍ സിനിമയിലേക്ക് പരിഗണിക്കുന്നതിനും പരിഗണന ലഭിക്കുന്നതിനും തടസ്സമാകുമെന്നതിനാല്‍ തന്റെ പേര് വെളിപ്പെടുത്തരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. സംഘ്പരിവാറിനെതിരെ പ്രതികരിക്കുന്നവരെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്ത് സിനിമാരംഗത്ത് നിന്നുതന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ നടക്കുമെന്നതിനാല്‍ പലരും പ്രത്യക്ഷ പ്രതികരണങ്ങള്‍ക്ക് തയ്യാറാകാത്തതാണെന്നും ഭൂരിപക്ഷം സിനിമാപ്രവര്‍ത്തകര്‍ക്കും അഘോരിയെ പോലുള്ള ഗ്രൂപ്പുകളോട് കടുത്ത എതിര്‍പ്പാണെന്നും അവര്‍ പറഞ്ഞു. സിനിമയിലൂടെ കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് പിടിമുറുക്കാനാണ് അഘോരിയിലൂടെ സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന പരാതി ശക്തമാകുമ്പോഴും പൊലിസ് സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.