അജയ് ദേവ്ഗനിന്റെ 'റൺവേ34', ടൈഗർ ഷ്റോഫിന്റെ 'ഹീറോപന്തി 2' എന്നീ ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ

dd

അജയ് ദേവ്ഗനിന്റെ 'റൺവേ34', ടൈഗർ ഷ്റോഫിന്റെ 'ഹീറോപന്തി 2' എന്നീ ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ റിലീസ് ചെയ്ത് രണ്ടാം ദിവസം ഇന്റർനെറ്റിൽ. ഏപ്രിൽ 29ന് റിലീസ് ചെയ്ത ചിത്രങ്ങളുടെ ക്യാമറ പ്രിന്റുകൾ തമിഴ്റോക്കേഴ്സ്, മൂവി റൂൾസ് എന്നീ ​വെബ്സൈറ്റുകളിലാണ് അപ്ലോഡ് ചെയ്യപ്പെട്ടത്.

റിലീസ് ദിനം റൺവേ34ന് വലിയ ആവേശമില്ലാത്ത സ്വീകരണമാണ് ലഭിച്ചിരുന്നതെങ്കിലും രണ്ടാംദിനം ചിത്രം ​ബോക്സ്ഓഫീസിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടൊറന്റിലും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റിൽ ചോർന്നത് ഇരുചിത്രങ്ങളുടെയും കളക്ഷനെ കാര്യമായി ബാധിക്കാനിടയുണ്ട്.

യഥാർഥ സംഭവങ്ങളെ ആധാരമാക്കി എടുത്ത ചിത്രമായ റൺവേ 34 അജയ് ദേവ്ഗൻ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രതികൂല കാലാവസ്ഥക്കിടെ ദോഹ-കൊച്ചി ജെറ്റ് എയർവേസ് വിമാനം ഇറക്കാൻ ശ്രമിക്കുന്ന പൈലറ്റായ വിക്രാന്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അമിതാഭ് ബച്ചൻ, ബൊമ്മൻ ഇറാനി, രാകുൽപ്രീത് സിങ്, അങ്കിര ധർ, ആകൻഷ സിങ് എന്നിവരാണ് മറ്റ് താരങ്ങൾ.

അഹമ്മദ് ഖാനാണ് ഹീറോപന്തി 2 സംവിധാനം ചെയ്തിരിക്കുന്നത്. താര സുതാരിയയാണ് നായിക. കൃതി സനോണിനൊപ്പം ഹീറോപന്തി എന്ന ചിത്രത്തിലൂടെയായിരുന്നു ടൈഗർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വികാസ് ബഹലിന്റെ 'ഗണപത്' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുണ്ട്.