സംവിധായിക അഞ്ജലി മേനോന്റെ പരാമർശം വിവാദമായതിനെ തുടർന്ന് പ്രതികരണവുമായി ഇപ്പോൾ അഞ്ജലി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് .സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ സിനിമ എന്തെന്നു പഠിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതേ തുടർന്ന് അഞ്ചലിൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം വെളിപ്പെടുത്തിയിരിക്കുന്നത്
‘‘ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞത് ഫിലിം മേക്കിങ്ങിനെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കിൽ അത് പ്രഫഷനലായി ചലച്ചിത്ര നിരൂപണത്തെ എത്രമാത്രം സഹായിക്കും എന്നാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് വർഷങ്ങളായി പ്രഫഷനലായി സിനിമാ നിരൂപണമെഴുതുന്ന ഫിലിം ജേണലിസ്റ്റ് ഉദയ താര മാഡം എന്നും ഞാൻ പറഞ്ഞു. പ്രേക്ഷകർ തന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്, അതിനാൽ പ്രഫഷനൽ സിനിമാ നിരൂപകർ അതിലും ഉയരത്തിൽ ലക്ഷ്യമിടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും ഞാൻ എല്ലായ്പ്പോഴും മാനിക്കുന്നു. ഒരു സിനിമ കാണാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രേക്ഷകർക്ക് എല്ലാ അവകാശവും ഉണ്ടെന്നും പ്രേക്ഷകരിൽ നിന്നുള്ള അവലോകനങ്ങൾക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും ഈ അഭിമുഖത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അഭിമുഖത്തിൽ ഞാൻ പരാമർശിച്ച കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് .’’- അഞ്ജലി മേനോൻ കുറിച്ചു.