മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ വസതി ‘ലൈലാ കോട്ടേജ്’ വിൽപനക്ക്

zz

മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ വസതി ‘ലൈലാ കോട്ടേജ്’ വിൽപനക്ക്. സർക്കാർ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കിൽ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയുടെ വീട് വിസ്മൃതിയിലാകും. ചിറയിൻകീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശമാണ് വീട്. 60 വർഷത്തോളം പഴക്കമുണ്ടെങ്കിലും കോൺക്രീറ്റിനോ ചുമരുകൾക്കോ കേടുപാടില്ല. എന്നാൽ, ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങി.

പ്രേംനസീർ വിടപറഞ്ഞ് 30 വർഷം കഴിഞ്ഞെങ്കിലും ഈ വീട് മാത്രമാണ് ചിറയിൻകീഴിലെ അദ്ദേഹത്തിൻറെ സ്മൃതിമണ്ഡപം. വീട് കാണാൻ ഇന്നും നിരവധി പേരാണ് എത്തുന്നത്. മഹാപ്രതിഭയുടെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികൾ കാണുന്നത് വീട് കാട് പിടിച്ച് നശിക്കുന്നതാണ്. പ്രേംനസീറിന്റെ മൂന്നു മക്കളിൽ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. അടുത്ത കാലത്ത് റീത്ത തന്റെ മകൾക്ക് നൽകി. മകൾ ഇപ്പോൾ കുടുംബസമേതം അമേരിക്കയിൽ സ്ഥിര താമസമാണ്. വീട് നിലനിർത്താൻ താൽപര്യമില്ലാത്തതിനാൽ വിൽപനക്ക് വെച്ചിരിക്കുകയാണ്. സർക്കാർ വിലയ്ക്കുവാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും ആവശ്യം.