കൃഷ്ണ വേഷമണിഞ്ഞ് വേദിയെ വിസ്മയിപ്പിച്ച് മഞ്ജു വാര്യര്‍; മനം കവര്‍ന്ന് 'രാധേ ശ്യാം', ചിത്രങ്ങള്‍ വൈറല്‍

manjuwarrier
 


ബിഗ് സ്‌ക്രീനില്‍ മാത്രമല്ല, നൃത്തവേദികളിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് മഞ്ജു വാര്യര്‍. തന്റെ അസാധ്യ പ്രകടനം കൊണ്ട് വിസ്മയം തീര്‍ക്കുന്ന മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

സൂര്യ ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ കുച്ചിപ്പുടി നൃത്ത നാടകം അവതരിപ്പിച്ചത് മഞ്ജുവും സംഘവുമായിരുന്നു. രാധേ ശ്യാം എന്ന് പേരിട്ടിരുന്ന നൃത്ത നാടകത്തില്‍ കൃഷ്ണന്റെ വേഷമായിരുന്നു മഞ്ജുവിന്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുന്നത്. നൃത്ത നാടകത്തില്‍ രാധയായി എത്തിയത് കലാക്ഷേത്ര പൊന്നിയാണ്.

പാദം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തനാടകത്തിന്റെ ആശയവും നൃത്തസംവിധാനവും ഗീത പദ്മകുമാറിന്റേത് ആയിരുന്നു. അര്‍ജുന്‍ ഭരദ്വാജിന്റെ വരികള്‍ക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ സംഗീതം പകര്‍ന്ന പരിപാടിയുടെ മ്യൂസിക് പ്രൊഡക്ഷന്‍ രാമു രാജ് ആയിരുന്നു. നൃത്ത പരിപാടിയുടെ വീഡിയോ യുട്യൂബിലൂടെ പുറത്തു വിട്ടിട്ടുണ്ട്.