‘നഞ്ചിയമ്മയുടെ പാട്ട് യുണീക്കാണ്, എന്തുകൊണ്ടും പെര്‍ഫക്ട്’; അപര്‍ണാ ബാലമുരളി

google news
6
ദേശീയ അവാര്‍ഡിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് നേരെയുള്ള വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി നടി അപര്‍ണ ബാലമുരളി. നഞ്ചിയമ്മയുടെ പാട്ട് വളരെ യുണീക്കാണ്. ആ പാട്ട് മറ്റാര്‍ക്കും അതുപോലെ പാടാന്‍ കഴിയില്ലെന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. ‘നഞ്ചിയമ്മയുടെ പാട്ട് വളരെ യുണീക്കാണ്. ആ പാട്ട് മറ്റാര്‍ക്കും അതുപോലെ വെറുതെയിരുന്നങ്ങ് പാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അത് മനസില്‍ നിന്നാണ് നഞ്ചിയമ്മ പാടിയത്. അത് മനസിലാക്കിയാണ് സച്ചി സാറും ടീമും അതുപയോഗിച്ചത്. അവരുടെ വിജയമാണത്. നഞ്ചിയമ്മ ഒരു ഗായികയല്ലാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ കഴിവാണ് സച്ചി സാര്‍ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവന്നത്. ആ പാട്ട് എന്തുകൊണ്ടും വളരെ പെര്‍ഫെക്ട് ആണ്. അതിന് വേണ്ട ശബ്ദം തന്നെയാണ് നഞ്ചിയമ്മയുടേത്. അവര്‍ അത്രത്തോളം ആ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട്്’. അപര്‍ണ പറഞ്ഞു.

പുരസ്‌കാര വിവാദം താന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു നഞ്ചിയമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചത്. വിമര്‍ശനം കാര്യമാക്കുന്നില്ല. ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം തനിക്ക് വേണമെന്നും ഹൃദയം കൊണ്ട് സംഗീതത്തോട് സംവദിക്കുന്ന നഞ്ചിയമ്മ പറഞ്ഞു. ഇത്തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മ നേടിയപ്പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിയും സ്വന്തമാക്കി. സുധ കൊങ്ങര ഒരുക്കിയ തമിഴ് ചിത്രം ‘സൂരരൈ പോട്രു’വിലെ അഭിനയത്തിനാണ് അവാര്‍ഡ്. അയ്യപ്പനും കോശിയും ചിത്രത്തിലെ പാട്ടിനാണ് നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

Tags