രാം ചരണിനേയും ജൂനിയർ എൻടിആറിനേയും പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത് ബോക്സ് ഓഫിസിലെ റെക്കോർഡുകൾ തിരുത്തിയ ചിത്രമാണ് ആർആർആർ. രാജ്യാന്തര എന്റർടെയ്ൻമെന്റ് മാസികയായ വെറൈറ്റി മാസികയുടെ ഓസ്കർ സാധ്യത പട്ടികയിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. അഞ്ച് വിഭാഗത്തിലാണ് ചിത്രത്തിന് നോമിനേഷനും ഒരുപക്ഷേ അവാർഡും ലഭിക്കാൻ സാധ്യതയുണ്ടെന്ന് വെറൈറ്റി പറയുന്നത്.
മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത പറയുന്നു. ജൂനിയർ എൻടിആറിനും രാം ചരണിനും മികച്ച നടനുള്ള അവാർഡിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ നിന്നും ഓസ്കറിലേക്കുള്ള ഔദ്യോഗിക എൻട്രി തീരുമാനിക്കുന്നതിനുള്ള സ്ക്രീനിങ് ചെന്നൈയിൽ ആരംഭിച്ചു. മലയാളത്തിൽ നിന്നും മഹേഷ് നാരായണൻ ചിത്രം അറിയിപ്പ് സ്ക്രീനിങിനുണ്ടെന്നാണ് റിപ്പോർട്ട്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജൂറി അംഗങ്ങളാണ് സിനിമ കണ്ട് വിലയിരുത്തുന്നത്. പതിനഞ്ച് ദിവസമെടുക്കുന്ന സ്ക്രീനിങിലെ അന്തിമ തീരുമാനം ഒക്ടോബർ ആദ്യ വാരം ഉണ്ടാകും .
Comments