'കുഞ്ഞില കാണിച്ചത് വികൃതി'; ചെറുകിടനാടകം കൊണ്ട് ചലച്ചിത്രമേളയുടെ മികവ് കുറയ്ക്കാനാവില്ലെന്ന് രഞ്ജിത്ത്

ranjith
 

കോഴിക്കോട്: വനിതാ ചലച്ചിത്രമേള വേദിയിൽ സംവിധായിക കുഞ്ഞില മാസിലമണി കാണിച്ചത്‌ വികൃതിയാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. കുഞ്ഞിലയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ അക്കാദമിക്ക് ഒരു പങ്കുമില്ല. ചെറുകിടനാടക പ്രകടനംകൊണ്ട് ചലച്ചിത്രമേളയുടെ മികവ് കുറയ്ക്കാനാകില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

"അവര്‍ വേദിയില്‍ കയറി എന്‍റെപേരെഴുതിവെച്ച കടലാസ് കസേരയില്‍ നിന്ന് പറിച്ച് ദൂരെ കളഞ്ഞു. എന്നിട്ട് വേറൊരു പേപ്പര്‍ കീറിയിട്ട് പിണറായി വിജയന്‍റെ മരുമകന്‍റെ ചെയറാണ്, ഇനി ഞാനാണിവിടെ ഇരിക്കാന്‍ പോകുന്നതെന്ന് പറഞ്ഞു..ഇതിനെ എന്‍റെ ഭാഷയില്‍ വികൃതി എന്നേ പറയൂ"- രഞ്ജിത്ത് പറഞ്ഞു.

ആന്തോളജിയിലെ ഒരു സിനിമ മാത്രം അടർത്തിയെടുത്ത് പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞില ചലച്ചിത്ര അക്കാദമിയെ സമീപിച്ചത്. അത് സാധ്യമല്ലെന്ന ഉത്തരം അക്കാദമി നല്‍കിയതാണ്. ചലച്ചിത്രമേള സൗഹൃദത്തിന്‍റെ ഇടമാണ്, അവിടെ വാളൂരിപ്പിടിച്ച് ഇറങ്ങരുതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.


കുഞ്ഞിലയുടെ സിനിമ അസംഘടിതര്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തില്‍ കുഞ്ഞില പ്രതികരിച്ചിരുന്നു. ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്. അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയെന്ന് മാസിലാമണി ചോദിച്ചു.  

കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പ്രതികരിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതര്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല വിധു വിന്‍സെന്റിന്റെ പ്രതിഷേധത്തേ മാനിക്കുന്നുവെന്ന് അജോയി കൂട്ടിച്ചേര്‍ത്തു.