വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതി; നടി റിമ കല്ലിങ്കൽ പങ്കുവെച്ച കാർട്ടൂൺ വൈറലായി

Rima Kallingal Hema Commission report

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയുടെ പശ്ചാത്തലത്തിൽ നടി റിമ കല്ലിങ്കൽ പങ്കുവെച്ച കാർട്ടൂൺ വൈറലായി. അതിജീവിതക്ക് പിന്തുണയുമായാണ് റിമ കല്ലിങ്കൽ കാർട്ടൂൺ പങ്കുവെച്ചത്. ഊളബാബു എന്ന കാർട്ടൂണാണ് റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

'ഇതാണ് ഊളബാബു, ഊളബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്, ഊളബാബുവിനെ പോലെയാവരുത്,' എന്നാണ് റിമ പങ്കുവെച്ച പോസ്റ്റിലുള്ളത്. നിരവധി പ്രമുഖരാണ് ഊളബാബു എന്ന് പേരിട്ട കാർട്ടൂൺ ഇന്നലെ ഷെയർ ചെയ്തത്.അതേസമയം, വിജയ് ബാബു ദുബായിൽ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബംഗളൂരുവിൽ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി എടുത്തിട്ടുണ്ട്. സി.സി.ടി.വി ഉൾപ്പെടെയുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലിൽ എത്തിയതിനും തെളിവുകൾ ലഭിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നടന് മുന്നിൽ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്.

SS