തെലുങ്ക് നടന്‍ സുധീര്‍ വര്‍മ മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

sudheer varma
 

തെലുങ്ക് നടന്‍ സുധീര്‍ വര്‍മ മരിച്ചു. 33 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ചതാണ് സുധീര്‍ വര്‍മയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന നടനെ വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെവെയാണ് അന്ത്യം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും സംസ്‌കാര ചടങ്ങുകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് സുധീര്‍ വര്‍മ. തെലുങ്ക് സിനിമകളായ 'നീക്കു നാക്കു ഡാഷ് ഡാഷ്', 'സെക്കന്‍ഡ് ഹാന്‍ഡ്', 'കുന്ദനപ്പു ബൊമ്മ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്റെ മരണവാര്‍ത്ത പുറത്തുവിട്ടത് സുധാകര്‍ കൊമകുലയാണ്.