മഞ്ജുവാര്യരും സൗബിൻഷാഹിറും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ‘വെള്ളരിപട്ടണ’ത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. ആട്ടിൻകുട്ടിയെ നെഞ്ചോട് ചേർത്ത് മഞ്ജു പ്രത്യക്ഷപ്പെടുമ്പോൾ മുണ്ടിലും ഷർട്ടിലും നാട്ടിൻപുറത്തുകാരനെ ഓർമിപ്പിക്കുന്ന മട്ടിലാണ് സൗബിൻ ഫസ്റ്റ് ലുക്കിൽ നിറയുന്നത്. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിച്ച ചിത്രം മഹേഷ് വെട്ടിയാറാണ് സംവിധാനം ചെയ്തത്.
ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫുമാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ‘വെള്ളരിപട്ടണ’ത്തിൻറെ രചന നിർവഹിച്ചത് മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ്. മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാലപാർവതി, വീണ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
അലക്സ് ജെ. പുളിക്കൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എൻ. ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ശ്രീജിത് ബി. നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ. പി.ആർ.ഒ എ.എസ്. ദിനേശ്.