ഗാനഗന്ധര്‍വന് ഇന്ന് 83ാം പിറന്നാള്‍

kj yesudas
 

 

ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് ഇന്ന് 83ാം പിറന്നാള്‍. കൊച്ചിയില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ മമ്മൂട്ടി, മന്ത്രി പി രാജീവ്, ഗായകര്‍, ഗാനരചയിതാക്കാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വര്‍ഷങ്ങളായി കൊല്ലൂരിലാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇക്കുറി കൊല്ലൂരില്‍ ആഘോഷങ്ങളില്ല. 

1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് തന്റെ വിസ്മയ സംഗീത സപര്യക്ക് കെജെ യേശുദാസ് തുടക്കം കുറിച്ചത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്.  

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം 8 തവണ നേടിയ അദ്ദേഹം, കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. 2017ല്‍ പത്മവിഭൂഷണ്‍, 2002ല്‍ പത്മഭൂഷണ്‍, 1973ല്‍ പത്മശ്രീ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം യേശുദാസിനെ ആദരിച്ചിട്ടുണ്ട്.