നടൻ അജയ് ദേവ്ഗൺ ശബരിമല ദര്‍ശനം നടത്തി

ajay devgn visited sabarimala temple

ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി. കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം ഇന്ന് രാവിലെ 9 മണിയോടെ ഇരുമുടിക്കെടുമേന്തി നിലയ്ക്കലിൽ എത്തിയ അദ്ദേഹം പതിനൊന്നരയോടെ പതിനെട്ടാം പടി ചവിട്ടി ശബരീശ ദർശനം നടത്തി.

തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മടക്കം. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ്‍ സന്നിധാനത്ത് എത്തുന്നത്.

രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍', സഞ്ജയ്മാ ലീല ബന്‍സാലിയുടെ 'ഗംഗുഭായ് കത്ത്യാവടി' എന്നിവയാണ് അജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇരു സിനിമകളുടെയും റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി 'റണ്‍വേ 34' എന്ന ചിത്രവും അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്നുണ്ട്. താരം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്.