കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് രോഗികൾക്ക് സഹായവുമായി നടൻ മമ്മൂട്ടി. 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിനാണ് താരം പിന്തുണയുമായി എത്തിയത്. കോവിഡ് രോഗികൾക്ക് ആവശ്യമായ വിറ്റാമിൻ മരുന്നുകൾ,പൾസ്ഓക്സിമീറ്റർ,സാനിടൈസർ എന്നിവ അദ്ദേഹം നൽകി. എറണാകുളം എംപി ഹൈബി ഈഡനാണ് അദ്ദേഹം സഹായം കൈമാറിയത്. രമേശ് പിഷാരഡിയും മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ എംപി ഹൈബി ഈഡൻ മമ്മൂട്ടിക്ക് നന്ദി അറിയിച്ചു.
കുറിപ്പ് ഇങ്ങനെ-
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.
കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി.
40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും,അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം,നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു.
പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
Comments