ബെൽസ് പാൾസി; നടൻ മിഥുൻ രമേശ് ആശുപത്രിയില്‍

ബെൽസ് പാൾസി; നടൻ മിഥുൻ രമേശ് ആശുപത്രിയില്‍
 

നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.  

'' കാണുമ്പോൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിനെക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്സ് ചെയ്താലേ അടക്കാൻ കഴിയൂ... മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.. കേട്ടോ..''- മിഥുൻ വീഡിയോയില്‍ പറഞ്ഞു.

 
നേരത്തെ നടൻ മനോജ് കുമാറിനും സമാനമായ അസുഖം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തിരികെ എത്തുകയുമായിരുന്നു.