നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്

fg
 

തിരുവനന്തപുരം; അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്‍റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തായി. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.