അല്ലു അര്‍ജുന്റെ മകള്‍ അഭിനയരംഗത്തേക്ക്, സന്തോഷം പങ്കുവെച്ച് താരം

allu arjun

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍. സിനിമാ തിരക്കുകള്‍ക്കിടയിലും സാമൂഹ്യ മാദ്ധ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായ താരം, തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മകള്‍ അര്‍ഹ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുകയാണ് നടന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

ശാകുന്തളം എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്‍ഹ ചലച്ചിത്ര ലോകത്തേക്ക് ചുവട്വെക്കുന്നത്. 'അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂര്‍വ്വം അറിയിക്കുന്നു.  അല്ലു അര്‍ഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകള്‍ക്ക് ഈ അവസരം നല്‍കിയ ഗുണശേഖറിന് നന്ദി', എന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗുണശേഖറാണ്. ചിത്രത്തില്‍ ഭരത രാജകുമാരിയായാണ് അല്ലു അര്‍ഹ എത്തുക. നടി സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.