ബിനീഷിനോട് 'അമ്മ' വിശദീകരണം തേടും; നടി പാര്‍വതിയുടെ രാജി സ്വീകരിച്ചു

ബിനീഷിനോട് 'അമ്മ' വിശദീകരണം തേടും; നടി പാര്‍വതിയുടെ രാജി സ്വീകരിച്ചു

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനം. കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

സംഘടനയിൽ രണ്ട് നീതി പാടില്ലെന്നും ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്നും നടിമാർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തിൽ ഇടത് എംഎൽഎമാർ കൂടിയായ മുകേഷിനും ഗണേഷ് കുമാറിനും കടുത്ത എതിർപ്പാണുള്ളത്. ഈ എതിർപ്പ് ഇരുവരും യോഗത്തിൽ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം ബിനീഷിനോട് വിശീകരണം തേടാനാണ് ഒടുവില്‍ തീരുമാനിച്ചത്. യോഗം നടി പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുളള രാജിയും അംഗീകരിച്ചു.

അതേസമയം, ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമ‌ർശം നടത്തിയ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവർ നൽകിയ കത്ത് യോഗത്തിൽ വിശദമായ ചർച്ചയ്ക്ക് വിധേയമായി. പാർവ്വതി നൽകിയ രാജിക്കത്ത് പരിഗണിച്ച യോഗം രാജി സ്വീകരിച്ചു.

2009 മുതല്‍ ബിനീഷ് കോടിയേരിക്ക് 'അമ്മ'യില്‍ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉളളത്. 'അമ്മ'യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളത്.