അക്ഷയ് കുമാറിനെ പ്രധാന കഥാപാത്രമാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്‍ത 'അത്‍രംഗീ രേ' ഒടിടി റിലീസിന്

s
 

ധനുഷ് (Dhanush), സാറ അലി ഖാൻ (Sara Ali Khan), അക്ഷയ് കുമാർ (Akshay Kumar) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് എൽ റായ് (Aanand L Rai) സംവിധാനം ചെയ്‍ത 'അത്‍രംഗീ രേ' (Atrangi Re) ഒടിടി റിലീസിന്. മ്യൂസിക്കൽ റൊമാൻറിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം നേരത്തെ തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ഒന്നായിരുന്നു. എന്നാൽ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് (Disney Plus Hotstar) എത്തുക. ക്രിസ്‍മസ് റിലീസ് ആയി ഡിസംബർ 24ന് എത്തുന്ന ചിത്രത്തിൻറെ ട്രെയ്‍ലർ ഇന്നെത്തും.

2020 മാർച്ചിൽ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ഹിമാൻഷു ശർമ്മയുടേതാണ് തിരക്കഥ. ടി സിരീസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, അരുണ ഭാട്ടിയ, ഹിമാൻഷു ശർമ്മ, ആനന്ദ് എൽ റായ് എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം പങ്കജ് കുമാർ, എഡിറ്റിംഗ് ഹേമൽ കോത്താരി, സംഗീതം എ ആർ റഹ്മാൻ. 

തിയറ്ററുകൾ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിൻറെയും ധനുഷിൻറെയും ആദ്യ ഒടിടി ഡയറക്റ്റ് റിലീസുമായിരിക്കും അത്‍രംഗീ രേ. ലക്ഷ്‍മി ആയിരുന്നു അക്ഷയ് കുമാറിൻറെ അവസാന ഒടിടി റിലീസ്. പിന്നീടെത്തിയ ബെൽബോട്ടം, സൂര്യവൻശി എന്നിവ തിയറ്റർ റിലീസുകളായിരുന്നു. ധനുഷിൻറെ കർണ്ണൻ തിയറ്ററുകളിലെത്തിയപ്പോൾ ജഗമേ തന്തിരം നെറ്റ്‍ഫ്ളിക്സ് റിലീസ് ആയിരുന്നു. അതേസമയം ആനന്ദ് എൽ റായ്‍യുടെ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രം രക്ഷാബന്ധനിലും അക്ഷയ് കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.