അയോധ്യാക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടന്ന ദിനം ഒരിക്കലും മറക്കാനാകാത്ത ദിവസമാണെന്ന് നടി രേവതി. വിശ്വാസികളാണെന്ന് ആദ്യമായി ഉറക്കെ വിളിച്ചുപറഞ്ഞ സമയമായിരുന്നു ഇതെന്നും രേവതി കൂട്ടിച്ചേർത്തു.
സോഷ്യല്‍മീഡിയയില്‍ രാം ലല്ലയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രേവതിയുടെ കുറിപ്പ്.
‘ജയ് ശ്രീറാം, ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ. രാംലല്ലയുടെ ആരെയും ആകര്‍ഷിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല. എന്‍റെ ഉള്ളില്‍ എന്തോ തുടിച്ചു, എനിക്ക് അത്യധികം സന്തോഷം തോന്നി.
ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാൻ കഴിയുന്നു എന്നതിൽ അദ്ഭുതമില്ല.
എല്ലാവർക്കും ഇങ്ങനെ ആയിരിക്കണം. ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റി മറിച്ചു. ഒരുപക്ഷേ ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ ‘വിശ്വാസികളാണ്’, ജയ് ശ്രീറാം, രേവതി കുറിച്ചു.
സിനിമാരംഗത്തുനിന്ന് ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. രേവതിയെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
‘അയ്യേ’ എന്നാണ് സംവിധായകന്‍ ഡോണ്‍ പാലത്തറ പ്രതികരിച്ചത്. ‘പരമമായ സത്യം’ എന്നാണ് നടി നിത്യ മേനോൻ മറുപടിയായി കുറിച്ചത്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രതികരണങ്ങളുമായി ഗായകരും എത്തിയിരുന്നു. വിധു പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാരാ കൃഷ്ണകുമാർ എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മൂന്നുപേരുടേയും പോസ്റ്റുകൾക്ക് നിരവധി പേരാണ് പ്രതികരണവുമായെത്തിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ