സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു

ranjith

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു. ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്നും മുന്നോട്ടു പോകാന്‍ പൊതുസമൂഹത്തിൻ്റെ  പിന്തുണ വേണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെത്തിയാണ് രഞ്ജിത്ത് ചാർജ് എടുത്തത്. 

കോവിഡ് വ്യാപനം രൂക്ഷമായില്ലെങ്കിൽ ചലച്ചിത്ര മേള മുൻനിശ്ചയിച്ചത് പ്രകാരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണയുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്.

നേരത്തെ കോഴിക്കോട് നോര്‍ത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി പാര്‍ട്ടി രഞ്ജിത്തിനെ പരിഗണിച്ചിരുന്നു. പിന്നീട് അദ്ദേഹം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവായി. പാര്‍ട്രിയാര്‍ക്കല്‍ സ്വഭാവമാണ് രഞ്ജിത്ത് സിനിമകളുടെ ഇതിവൃത്തം. 1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി.

1993ൽ ‘ദേവാസുരം’ എന്ന സിനിമ അദ്ദേഹത്തിൻ്റെ കരിയറിൽ തന്നെ ഒരു വഴിത്തിരിവായി മാറി. ആറാം തമ്പുരാൻ, സമ്മർ ഇൻ ബെത്ലഹേം, നരസിംഹം, വല്യേട്ടൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ  തൂലികയിൽ നിന്നും പിറന്നു. 2001ൽ ദേവാസുരത്തിൻ്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകൻ്റെ  തൊപ്പിയും അണിഞ്ഞു. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.

നടൻ എന്ന നിലയിലും പ്രതിഭ തെളിയിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഉണ്ട, അയ്യപ്പനും കോശിയും, കൂടെ തുടങ്ങിയ സിനിമകളിൽ തൻ്റെ അഭിനയമികവ് അദ്ദേഹം തെളിച്ചതാണ്. ഭീഷ്മപർവ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. നിരവധി തവണ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.