ദീപാവലി റിലീസ് ചിത്രം' അണ്ണാത്തെ ' മൂന്നാം വാരത്തിലേക്ക് ; ബോക്സ് ഓഫീസിൽ മികച്ച നേട്ടം

z
 

രജനീകാന്ത് (Rajinikanth) ആരാധകരെ പൂർണ്ണമായും തൃപ്‍തിപ്പെടുത്തിയ ഒരു ചിത്രം അവസാനമായി തിയറ്ററുകളിലെത്തിയത് 2019ലാണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‍ത 'പേട്ട'യായിരുന്നു ആ ചിത്രം. പിന്നീട് കഴിഞ്ഞ വർഷം പുറത്തെത്തിയ 'ദർബാറും' ഇത്തവണ ദീപാവലി റിലീസ് ആയെത്തിയ 'അണ്ണാത്തെ'യും (Anaatthe) പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാലും രജനീകാന്ത് എന്ന താരത്തിൻറെ ബോക്സ് ഓഫീസ് സ്വാധീനം ഈ ചിത്രങ്ങളും അടിവരയിടുന്നു. ദീപാവലി റിലീസ് ആയി ഈ മാസം 4നാണ് അണ്ണാത്തെ തിയറ്ററുകളിലെത്തിയത്. മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച നേട്ടമുണ്ടാക്കാനായി.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ പ്രേക്ഷകരെ ആദ്യമായി തിയറ്ററുകളിലേക്ക് തിരികെയെത്തിയ ചിത്രം ശിവകാർത്തികേയൻറെ ഡോക്ടർ ആയിരുന്നു. ഡോക്ടർ തിയറ്ററുകളിൽ തുടരുമ്പോൾത്തന്നെയാണ് അണ്ണാത്തെ എത്തുന്നത്. 50 ശതമാനം കാണികൾ ആയിരുന്നിട്ടും റിലീസ് ദിനം മുതൽ നിരവധി നെഗറ്റീവ് റിവ്യൂസ് വന്നിട്ടും ചിത്രം മികച്ച പ്രകടനമാണ് ബോക്സ് ഓഫീസിൽ ഇപ്പോഴും നടത്തുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതിനകം നേടിയത് 228 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. 15 ദിവസത്തെ കണക്കാണ് ഇത്. ഈ വാരാന്ത്യത്തോടെ 250 കോടിയിലേക്ക് ചിത്രം എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.