'എൻ്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്'; അഭ്യര്‍ത്ഥനയുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

jacqueline fernandez

മുംബൈ:  200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിൻ്റെ വാദം. കോടിക്കണക്കിന് വിലയുള്ള സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇപ്പോള്‍ ൻ്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാക്വിലിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിൻ്റെ അഭ്യര്‍ത്ഥന. 

ജാക്വിലിൻ്റെ കുറിപ്പ്:

ഈ രാജ്യവും ഇവിടത്തെ ആളുകളും എനിക്ക് വളരെ അധികം സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ട്. ഇതില്‍ എൻ്റെ മാധ്യമ സുഹൃത്തുക്കളും ഉള്‍പ്പെടും. ഞാനിപ്പോള്‍ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ എൻ്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്നെ മനസിലാകുമെന്ന് ഉറപ്പുണ്ട്. ആ വിശ്വാസത്തോടെ ഞാനെൻ്റെ  മാധ്യമ സുഹൃത്തുക്കളോട് എൻ്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളിത് ചെയ്യില്ലല്ലോ, എന്നോടും നിങ്ങളിത് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നീതിനടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി- ജാക്വിലിന്‍ കുറിച്ചു.

സുകേഷ് പ്രതിയായ 200 കോടി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ താരം അന്വേഷണം നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ജാക്വിലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. സണ്‍ ടിവിയുടെ ഉടമയാണ് എന്നു പറഞ്ഞാണ് സുകേഷ് തന്നെ സമീപിച്ചത് എന്നാണ് ജാക്വിലിന്‍ മൊഴി നല്‍കിയത്. താരത്തിന് കോടിക്കണക്കിന് രൂപയുടെ സമ്മാനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജാക്വിലിനുമായി അടുപ്പത്തിലായിരുന്നു എന്ന വിവരം സുകേഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കേസുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.