ദുൽഖർ ചിത്രം 'സല്യൂട്ടി'ൻ്റെ റിലീസ് നീട്ടി

salute movie dulquer salmaan

ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ സിനിമയുടെ റിലീസ് നീട്ടി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതരായതെന്ന് ദുൽഖർ അറിയിച്ചു. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൻ്റെ നിര്‍മാണവും. ജനുവരി 14നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. 

റിലീസ് നീട്ടാനുണ്ടായ സാഹചര്യം വിശദീകരിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എത്രയും പെട്ടെന്ന് ചിത്രം റിലീസിനെത്തിക്കാൻ ശ്രമിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ദുൽഖർ പറഞ്ഞു.  മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ബോബി സഞ്ജയ് ആണ്.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ആദ്യമായി എത്തുന്ന ചിത്രമാണ് 'സല്യൂട്ട്'. വേഫെറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ദുൽഖറിൻ്റെ ഫേസ്ബുക്ക് കുറിപ്പ്: 

'വേഫെറർ ഫിലിംസ് വ്യക്തിപരമായ താൽപ്പര്യങ്ങളേക്കാൾ ഉപരിയായി സാമൂഹിക ഉത്തരവാദിത്തം കാണിക്കാൻ ബാധ്യസ്ഥരാണ്. നിങ്ങളെ എല്ലാവരെയും പോലെ, ഞങ്ങളും ഞങ്ങളുടെ അടുത്ത റിലീസിനായി ഏറ്റവും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയായിരുന്നു.

സമീപകാല സംഭവവികാസങ്ങളും കോവിഡ് -19, ഒമിക്രോൺ കേസുകളുടെ വർദ്ധനവും കാരണം, “സല്യൂട്ട്” റിലീസ് മാറ്റിവയ്ക്കാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞങ്ങൾ എടുത്തത്. ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്നാൽ ഇത്തരം സമയങ്ങളിൽ നാം ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണം. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ മടങ്ങിവരും. ഏറ്റവും നേരത്തെ. നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങൾ ഓരോരുത്തർക്കും നന്ദി പറയുന്നു'.

പല സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെ ബോളിവുഡ്, ടോളിവുഡ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള പല ചിത്രങ്ങളും റിലീസ് നീട്ടിയിരുന്നു. ബോളിവുഡില്‍ നിന്ന് ഷാഹിദ് കപൂറിന്‍റെ ജേഴ്സി, അക്ഷയ് കുമാറിന്‍റെ പൃഥ്വിരാജ്, ടോളിവുഡില്‍ നിന്ന് രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം രാധേശ്യാം എന്നിവയൊക്കെ പുതിയ സാഹചര്യത്തില്‍ റിലീസ് നീട്ടിയിരുന്നു.