കുഞ്ഞിക്ക @ 34 

കുഞ്ഞിക്ക @ 34 

തെന്നിന്ത്യയിലും ബോളിവുഡിലും തന്‍റെതായ സ്ഥാനം ഇതിനോടകം തന്നെ കൈയ്യടക്കിയ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ മുപ്പത്തിനാലാം പിറന്നാള്‍ നിറവില്‍. മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മമ്മൂട്ടിയുടെയും, സുല്‍ഫത്തിന്‍റെയും മകനായി 1986 ജൂലൈ 28നാണ് കുഞ്ഞിക്കയെന്നും, ഡിക്യൂവെന്നും ആരാധക വൃത്തങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന ദുല്‍ഖറിന്‍റെ ജനനം. തന്‍റെ നടന വൈഭവത്തിന്‍റെ വിസ്മയിപ്പിക്കുന്ന ഏടുകള്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ കോറിയിട്ട മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ മകനായിട്ടും ആ തണലില്‍ വെയില്‍ കാഞ്ഞവനല്ല ദുല്‍ഖര്‍ സല്‍മാന്‍ എന്നത് അദ്ദേഹത്തിന്‍റെ ചിത്രങ്ങളും പ്രകടനങ്ങളും തെളിയിക്കുന്നു. സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി കേവലം എട്ടു വര്‍ഷം കൊണ്ടാണ് കുഞ്ഞിക്ക ആരാധകരുടെ ഹൃദയം കീഴടക്കിയത്.

2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് ദുൽഖറിന്‍റെ പ്രവേശനം. മാസ്സ് ലുക്കില്‍ എടുത്താല്‍ പൊങ്ങാത്ത ഡയലോഗുകളുമായാണ് സാധാരണ താരപുത്രന്മാര്‍ സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. എന്നാല്‍ സെക്കന്‍റ് ഷോയില്‍ ദുല്‍ഖറിന്‍റെ ലാലു എന്ന കഥാപാത്രത്തിന് മാസ്സ് എന്‍ട്രിയുണ്ടായിരുന്നില്ല, പഞ്ച് ഡയലോഗുകളുണ്ടായിരുന്നില്ല, മൂന്നും നാലും പാട്ടുകളുണ്ടായിരുന്നില്ല, എന്തിന് ഒരു കൂളിങ് ഗ്ലാസ് പോലുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഈ ഘടകങ്ങളൊക്കെ തന്നെയാണ് പ്രേക്ഷക ഹൃദയങ്ങളെ ജയിക്കാന്‍ താരത്തെ പ്രാപ്തനാക്കിയത്. പിന്നീട് അഭിനയിച്ച ഓരോ ചിത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിന് സാധിച്ചു.

ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യൻ, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, സിഐഎ, പറവ, മഹാനടി, വരനെ ആവശ്യമുണ്ട്, കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങി ദുല്‍ഖര്‍ കഴിവു തെളിയിച്ച ഹിറ്റ് ചിത്രങ്ങളുടെ നിര നീളുന്നു. ചാര്‍ളിയിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം നേടി.

വായ് മൂടി പേസലാം, ഓകെ കൺമണി, മഹാനടി, കർവാൻ, ദി സോയ ഫാക്ടര്‍ എന്നിവയിലൂടെ അന്യഭാഷ ചിത്രങ്ങളുടെ ഭാഗമായ ഡിക്യൂ വളരെ പെട്ടെന്നാണ് യൂത്ത് ഐക്കണായി മാറുന്നത്. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെ ദുൽഖർ ആദ്യമായി നിർമ്മാണ മേഖലയിലും കഴിവു പരീക്ഷിച്ചുകഴിഞ്ഞു. എബിസിഡി, ചാര്‍ലി, സിഐഎ തുടങ്ങിയ ചിത്രങ്ങളിലൂടെ നായക പദവി മാത്രമല്ല, ഗായക പദവിയും തനിക്ക് വഴങ്ങുമെന്ന് ഇദ്ദേഹം തെളിയിച്ചതാണ്.

മണിയറയിലെ അശോകൻ, കുറുപ്പ് എന്നിവയാണ് അടുത്തതായി ദുൽഖര്‍ നിര്‍മ്മിക്കുന്ന സിനിമകള്‍. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്‍റെ ജീവിത കഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പിനൊപ്പം, വാൻ, ഹേ സിനാമിക എന്നീ തമിഴ് ചിത്രങ്ങളുമായാണ് ഈ വര്‍ഷം ദുല്‍ഖര്‍ ആരാധകര്‍ക്കു മുന്നിലെത്തുക.