‘ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല': ജോയ് മാത്യു

joy mathew

നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക്  പിന്തുണയറിയിച്ച് സിനിമാ മേഖലയിലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു എല്ലാവരും പിന്തുണ അറിയിച്ചത്. ഇതിനുപിന്നാലെ നടൻ ജോയ് മാത്യു പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

‘ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല‘, എന്നാണ് ജോയ് മാത്യു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘നിങ്ങൾ ഒരു തുടക്കമാവട്ടെ‘, എന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളെല്ലാം നടിക്കു പിന്തുണയുമായി ഇന്നലെ രംഗത്തുവന്നു. നടി സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് താരങ്ങള്‍ പിന്തുണ അറിയിച്ചത്. 'നിനക്കൊപ്പം' എന്ന് മമ്മൂട്ടിയും 'ബഹുമാനം' എന്ന് മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പിന്തുണയറിയിച്ചു.

1

ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, കാളിദാസ് ജയറാം, പാർവതി, സുപ്രിയ മേനോൻ, സംയുക്ത മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, ആര്യ, ഇന്ദ്രജിത്ത്, മിയ, അന്നാ ബെൻ, ബാബുരാജ്, നീരജ് മാധവ്, നിമിഷ സജയൻ, അഞ്ജലി മേനോൻ, രഞ്ജു രഞ്ജിമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് നടിക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്. 

നടി പങ്കുവച്ച കുറിപ്പ്:

"ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി".