'ഇനി ഞങ്ങളോടൊപ്പം ഏദനും'; അച്ഛനായ സന്തോഷം പങ്കുവച്ച് വിജിലേഷ്

actor vijilesh blessed with baby boy

നടൻ വിജിലേഷ് അച്ഛനായി. വിജിലേഷ് തന്നെയാണ് മകൻ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ  അറിയിച്ചത്. മകന് ഏദൻ എന്ന് പേരിട്ട വിവരവും താരം പങ്കുവച്ചിട്ടുണ്ട്. മകനും ഭാര്യ സ്വാതി ഹരിദാസിനും ഒപ്പമുള്ള ചിത്രങ്ങളും വിജിലേഷ് പങ്കുവച്ചു. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്.

'പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം ഏദനും'- എന്ന കുറിപ്പോടെയാണ് വിജിലേഷ്  സന്തോഷം പങ്കുവച്ചത്. മെറ്റേണിറ്റി ഷൂട്ട് പങ്കുവച്ചുകൊണ്ടാണ് അച്ഛനാവാൻ പോകുന്ന വിവരം താരം പങ്കുവച്ചത്.  കഴിഞ്ഞ വർഷം മാർച്ചിലാണ് വിജിലേഷും സ്വാതിയും വിവാഹിതരാവുന്നത്.

ഫെയ്സ്ബുക്കിലൂടെയാണ് വജിലേഷ് വധുവിനെ കണ്ടെത്തിയത്. വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തൻ്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തുകയും ചെയ്തു. മഹേഷിൻ്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററിൽ കൈയടി നേടിയ താരമാണ് വിജിലേഷ് കാരയാട്.

ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ‘വരത്തൻ’ എന്ന ചിത്രത്തിലെ ജിതിൻ എന്ന കഥാപാത്രമാണ് വിജിലേഷിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. അടുത്തിടെ പുറത്തിറങ്ങിയ ആന്റണി വർഗീസ് നായകനായ അജഗജാന്തര’മാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. പീസ്, സല്യൂട്ട്, കൊത്ത് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.