നടൻ ഉണ്ണി മുകുന്ദൻ്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

unni mukundan

നടൻ ഉണ്ണി മുകുന്ദൻ്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. താരത്തിൻ്റെ  ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനി ഒരുക്കുന്ന 'മേപ്പടിയാൻ' എന്ന സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്. ചിത്രം ജനുവരി 14നാണ് തീയേറ്ററിലെത്തുക. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ്  'മേപ്പടിയാൻ'. ചിത്രത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനാണ് റെയ്ഡ് നടത്തിയത്. ഒറ്റപ്പാലത്തെ ഉണ്ണി മുകുന്ദൻ്റെ  വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോർട്ട്. 

ഉണ്ണി മുകുന്ദൻ്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് ഈ ചിത്രത്തിൻ്റെ  നിർമ്മാണം. വിഷ്ണു മോഹൻ ആണ് സംവിധാനം. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, വിജയ് ബാബു, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ചിത്രത്തിൽ  അഭിനയിച്ചിട്ടുണ്ട്. ഒരു പക്കാ ഫാമിലി എന്റർടൈനറാണ് ചിത്രം.  

ഒരു സാധരണക്കാരൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് 'മേപ്പടിയാൻ' പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

അതേസമയം, നേരത്തെ നിർമ്മാതാക്കളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പിൻ്റെ  ടിഡിഎസ് വിഭാഗം ആണ് പരിശോധന നടത്തിയത്. നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരോട് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഇവർ കൃത്യമായ രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരായിരുന്നു.

ഇവർ നിർമ്മിച്ച വിവിധ ചിത്രങ്ങൾ ഒ ടി ടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസിൻ്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ്, ആൻ്റോജോസഫിൻ്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിച്ചത്.

പുതിയതായി നിർമ്മാണ രംഗത്തേക്ക് വരുന്നവരുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന സൂചന. പല രീതിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചിട്ടുണ്ടോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നൽകുന്നുണ്ട്.