അഭിനയ കുലപതിക്ക് വിട; നടൻ നെടുമുടി വേണു അന്തരിച്ചു

nedumudivenu
നടൻ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി ഡോക്ടർമാർ അറിയിച്ചിരുന്നു.

മലയാള സിനിമയില്‍ നെടുമുടി വേണു എന്ന നടന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും   നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ചില്ലറയല്ല. പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ പിള്ളേര്‍ക്കൊപ്പവും മത്സരിച്ചഭിനയിക്കുന്ന നടന്‍. 

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി കെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22-ന് ജനിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്.വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയുമെഴുതിയിട്ടുണ്ട്.
 
1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. 

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം പ്രാഥമികമായി മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 1990-മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്, 2003-ല്‍ ദേശീയഅവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നെടുമുടി വേണുവിനെ തേടിയെത്തിയിട്ടുണ്ട്.