രാഷ്ട്രീയക്കാരേക്കാൾ കഷ്ടമാണ് സിനിമാക്കാർ: സന്തോഷ് പണ്ഡിറ്റ്

santhosh pandit

നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയറിയിച്ച് സിനിമാ മേഖലയിലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ഈ അവസരത്തിൽ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടുമെന്നാണ് തൻ്റെ വിശ്വാസമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കേസിൽ പല സിനിമാപ്രവർത്തകരും കൂറുമാറിയ അവസ്ഥ ഉണ്ടായപ്പോൾ അതിനെതിരെ ആരും പ്രതികരിച്ചില്ലെന്നും രാഷ്ട്രീയക്കാരേക്കാൾ കഷ്ടമാണ് സിനിമാക്കാരെന്നും പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിൻ്റെ കുറിപ്പ്:

പണ്ഡിറ്റിൻ്റെ നിലപാട്..

പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വർഷം കഴിയുന്നു. അന്ന് മുതൽ ഈ നിമിഷം വരെ നടിയോടോപ്പോം, അവർക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാൻ എടുത്തത്. ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു. 

ഈ കാലയളവിൽ അവരോടൊപ്പം നിന്നിരുന്ന പല നടി-നടന്മാർ കൂറുമാറി. സാക്ഷികൾ ഒരുപാട് കൂറുമാറി. ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടർ വരെ രാജിവച്ച് പോവുക ആണ്.. കഷ്ടം... നടി- നടന്മാർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല. ആരും അവർക്കെതിരെ പ്രതികരിച്ചില്ല. 

രാഷ്ട്രീയക്കാരേക്കാൾ കഷ്ടമാണ് സിനിമാക്കാർ.  കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകയ്ക്കു നീതി കിട്ടുവാൻ അവർ എന്ത് ചെയ്തു? ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ. എന്നാൽ  അസൂയയും കുശുമ്പും മത്സരവും ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.

ചിലർ  പ്രഹസനങ്ങൾ നടത്തി ഈയ്യിടെ  മുതലക്കണ്ണീർ ഒഴുക്കുന്നുമുണ്ട്. ഈ വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു . (ചിലർ അതിജീവിതയുടെ കൂടെ, ചിലർ വേട്ടക്കാരന് വേണ്ടി പ്രാർത്ഥിച്ച് കൂടെ, ചിലർ പൾസർ സുനിക്കൊപ്പം. അവൻ്റെ കൂടെയും?....)

(വാൽക്കഷ്ണം .. അതിജീവിതയെന്നു മറ്റുള്ളവർ പറഞ്ഞു.... എന്നാൽ താൻ ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വർഷം കൊണ്ട്  തെളിയിച്ചു.... Good , great..)