'സഭ്യത' പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു; 'ചുരുളി' കാണാനൊരുങ്ങി പോലീസ്

churuli movie

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് 'ചുരുളി' സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്.

എഡിജിപി പദ്മകുമാറിൻ്റെ  നേതൃത്വത്തിലുള്ള സമിതി ചിത്രം കണ്ട് പോലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ പോലീസ് മേധാവിക്കു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. 

സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിൻ്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനാണ് നിര്‍ദേശം. ചുരുളിയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 

വാസവദത്ത എഴുതിയതിൻ്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ ചലച്ചിത്രകാരൻ്റെ സൃഷ്ടിയാണ്. കലാകാരൻ്റെ സ്വാതന്ത്ര്യമെന്നാല്‍ സങ്കല്‍പ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. 

ചുരുളി ഒടിടി പ്ലാറ്റ്‌ഫോമിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. നിര്‍ബന്ധപൂര്‍വം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കോടതി പറഞ്ഞു. സിനിമയില്‍ വള്ളുവനാടന്‍ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. 

കണ്ണൂര്‍ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. സിനിമയുടെ പ്രദര്‍ശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു പരിശോധിക്കാനാവൂ. അതു പരിശോധിക്കുമ്പോള്‍ തന്നെ കലാകാരൻ്റെ സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.