മികച്ച ജന്മദിന സമ്മാനം ഇന്ന് ലഭിക്കട്ടെ; ​ഗൗരി ഖാന് ആശംസകളുമായി ഫറ ഖാൻ

gauri khan

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ വാർത്തകളിൽ നിറയുകയാണ് ​ഷാരുഖ് ഖാനും ഭാര്യ ​ഗൗരി ഖാനും. വളരെ സമ്മർദ്ദം നിറഞ്ഞ ദിനങ്ങളിലൂടെയാണ് ഷാരൂഖും കുടുംബവും കടന്ന് പോവുന്നത്. ഈ ബഹളങ്ങൾക്കിടെയാണ് ​ഗൗരിയുടെ ജന്മദിനവും വന്ന് ചേരുന്നത്. ഇപ്പോഴിതാ ​ഗൗരിക്ക് ജന്മദിനാശംസകൾ നേരുകയാണ് കുടുംബവും സുഹൃത്തുക്കളും. 'ഹാപ്പി ബർത്ത്ഡേ മാ' എന്നാണ് ഷാരൂഖിന്റെയും ​ഗൗരിയുടെയും ചിത്രം പങ്കുവച്ച് മകൾ സുഹാന അമ്മയ്ക്ക് ആശംസകൾ നേർന്നത്. 

ബോളിവുഡ് സംവിധായിക ഫറാ ഖാനും ​ഗൗരിക്ക് ആശംസകൾ നേർന്നെത്തി. "ഒരു അമ്മയുടെ ശക്തി മറ്റൊന്നിനുമില്ല. മാതാപിതാക്കളുടെ പ്രാർഥനയ്ക്ക് പർവതത്തെ നീക്കാനും കടലിനെ വഴി മാറ്റാനും സാധിക്കും.ഏറ്റവും ശക്തയായ അമ്മയ്ക്കും സ്ത്രീക്കും ജന്മദിനാശംസകൾ നേരുന്നു. ആ കരുത്തിന് കഴിഞ്ഞ ആഴ്ചയിൽ ഞാൻ വ്യക്തിപരമായി സാക്ഷിയായതാണ്. ഇന്ന് നിങ്ങൾക്ക് മികച്ച ജന്മദിന സമ്മാനം ആശംസിക്കുന്നു" എന്ന് ഫറ ഖാൻ കുറിച്ചു. 

"ദൈവത്തിന്റെ സ്നേഹവും കൃപയും എപ്പോഴും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മുകളിലുണ്ടാവും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു" എന്നാണ് ​ഗൗരിയുടെ അടുത്ത സുഹൃത്തും ഇന്റീരിയർ ഡിസൈനറുമായ സുസാന്നെ ഖാൻ കുറിച്ചത്.