തളിപ്പറമ്പ് ചന്തയിൽ മീൻ കുട്ട ചുമന്ന് ഹരിശ്രീ അശോകൻ; വൈറലായി വിഡിയോ

harisree ashokan  anthruman movie

റാംജിറാവ് സ്പീക്കിങ് മുതലിങ്ങോട്ട് ചിരിയുടെ മാലപ്പടക്കം തീർക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ഹരിശ്രീ അശോകൻ. എന്നാൽ അടുത്തിടെയായി ഹരിശ്രീ അശോകൻ്റെ  കഥാപാത്രങ്ങൾ മലയാളികളുടെ മനസിൽ നോവു പടർത്തുകയാണ്. ബേസിൽ ജോസഫിൻ്റെ ‘മിന്നൽ മുരളി’ നെറ്റ്ഫ്ലിക്സിൽ ഹിറ്റിലേക്കു കുതിക്കുമ്പോൾ മലയാളികളുടെ പ്രിയ താരം ഹരിശ്രീ അശോകൻ ജീവനേകിയ ദാസൻ എന്ന കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുകയാണ്.

ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയാണ് 'മിന്നൽ മുരളി'യിൽ കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹരിശ്രീ അശോകൻ്റെ പുതിയ വിഡിയോ ആണ്. തളിപ്പറമ്പ് ചന്തയിൽ മീൻ കുട്ട ചുമക്കുന്ന താരത്തെയാണ് വിഡിയോയിൽ കാണുന്നത്. ഹരിശ്രീ അശോകൻ നായകനായെത്തുന്ന അന്ത്രുമാൻ എന്ന സിനിമയുടെ ചിത്രീകരണമാണിതെന്നാണ് സൂചനകൾ.

ശിവകുമാർ കാങ്കോലാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും. മീൻചന്തയിലെ തൊഴിലാളിയുടെ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്നത്. മീൻപെട്ടി ചുമക്കുന്നതും അത് കച്ചവടക്കാർക്ക് നൽകുന്നതും കൂലി വാങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ദൃശ്യങ്ങൾ.