'സത്യമായിട്ടും ഇത് ഞാനല്ല, ഇത് ഷെബിൻ ബെൻസൺ'; കണ്‍ഫ്യൂഷന്‍ മാറ്റി വിനീതിന്‍റെ പോസ്റ്റ്

vineeth sreenivasan

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രം 'ഭീഷ്മ പർവ്വ'ത്തിൻ്റെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നുണ്ട്. ഏബിൾ എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് അവസാനമായി പുറത്തുവന്നത്. പോസ്റ്റർ കണ്ടവർ ഒന്ന് അമ്പരന്നു. ഇത് വിനീത് ശ്രീനിവാസൻ അല്ലേ ! ചെക്കൻ ആകെ ചുള്ളനായല്ലോ.. ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഉണ്ടോയെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായി. പോസ്റ്റർ കണ്ട് വിനീതിന് ആശംസാ പ്രവാഹം. അവസാനം ആ കൺഫ്യൂഷൻ വിനീത് തന്നെ മാറ്റി.

പോസ്റ്ററിലുള്ളത്​ താനല്ല എന്ന വിശദീകരണവുമായി സാക്ഷാൽ വിനീത്​ ശ്രീനിവാസൻ തന്നെ രംഗത്ത്​ എത്തിയത്​. 'സത്യമായിട്ടും ഇത് ഞാനല്ല, ഇത് ഷെബിൻ ബെൻസൺ.  അമൽ ഏട്ടന് എല്ലാ ആശംസകൾ’– എന്നാണ് വിനീത് ഫേസ്​ബുക്കിൽ കുറിച്ചത്. സിനിമയുടെ പോസ്റ്ററും വിനീത്​ പങ്കുവച്ചിട്ടുണ്ട്​. വിനീതുമായി ഏറെ സാമ്യമുള്ള ഫോട്ടോയാണ് ഏബിളിന്‍റേതായി  പുറത്തുവന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ വിനീത് ശ്രീനിവാസൻ ആണെന്നേ തോന്നുകയുള്ളൂ. 

യുവതാരം ഷെബിൻ ബെൻസണാണ് ചിത്രത്തിൽ ഏബിളിനെ അവതരിപ്പിക്കുന്നത്.  ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തലൂടെ  ബാലതാരമായാണ് ഷെബിൻ്റെ അരങ്ങേറ്റം. വര്‍ഷം, ഇയ്യോബിൻ്റെ പുസ്തകം, ചിറകൊടിഞ്ഞ കിനാവുകള്‍, ഇടി, 10 കല്‍പനകള്‍, കാറ്റ്, മോഹന്‍ലാല്‍, വൈറസ്, സുമേഷ് ആൻഡ് രമേഷ് തുടങ്ങിയ സിനിമകളിലും ഷെബിന്‍ അഭിനയിച്ചിട്ടുണ്ട്. ​ 

‘ബിഗ് ബി’ക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’. അതുകൊണ്ടുതന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണ്​ ആരാധകർ നൽകുന്നത്​. മൈക്കിൾ എന്ന ഗ്യാങ്സ്റ്ററായി മമ്മൂട്ടി എത്തുന്നു. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, നെടുമുടി വേണു, ഫർഹാൻ ഫാസിൽ, ലെന, കെപിഎസി ലളിത, അനസൂയ, നാദിയമൊയ്തു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.