'സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി'; രണ്‍വീറിന്റെ നഗ്ന ഫോട്ടോഷൂട്ടിനെതിരെ പൊലീസിൽ പരാതി

9

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബോളിവുഡ് താരം രൺവീർസിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. നടന്റെ വ്യത്യസ്‌തമായ ഫോട്ടോഷൂട്ട് സമൂഹമാദ്ധ്യമങ്ങളെയാകെ ചൂട് പിടിപ്പിച്ചിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പർ മാഗസിനുവേണ്ടി പൂർണ നഗ്നനായാണ് താരം പോസ് ചെയ്‌തത്. ബോളിവുഡിലെ അവസാനത്തെ സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു മാസിക താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ രൺവീറിനെതിരെ മുംബയ് പൊലീസിൽ പരാതി ലഭിച്ചിരിക്കുകയാണ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. താരത്തിനെതിരെ രണ്ടുപരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. രൺവീറിന്റെ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം മുതൽ ലഭിച്ചത്. റിസ്‌ക് ഏറ്റെടുക്കാൻ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേർ താരത്തെ അഭിനന്ദിച്ചു. എന്നാൽ മറ്റ് ചിലർ ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റുകളായിരുന്നു പങ്കുവച്ചത്.