ഞാൻ താങ്കളുടെ കട്ട ആരാധികയാണ്, സര്‍ ജീ; ഫഹദിനൊപ്പമുള്ള പങ്കുവച്ച് നസ്രിയ

nazriya

ഭാവാഭിനയം കൊണ്ട് ചലച്ചിത്ര ആസ്വാദകരെ നിരന്തരം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. ലോമൊന്നടങ്കം കോവിഡ് മഹാമാരിക്കിടയിൽ പകച്ചുനിന്നപ്പോഴും 'സി യു സൂൺ', 'ഇരുൾ', 'ജോജി' ചിത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളുമായി ഫഹദ് വീണ്ടും ആരാധകഹൃദയം കവര്‍ന്നു. ഏറ്റവുമൊടുവിൽ മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം 'മാലികി'ലും തകർത്ത് അഭിനയിച്ചിരിക്കുകയാണ് ആരാധകരുടെ ഫഹദ്. ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള വിമർശനങ്ങൾ ഉയരുമ്പോഴും മാലിക്കിലെ സുലൈമാന്റെ പ്രകടനത്തെക്കുറിച്ച് ആർക്കും രണ്ടഭിപ്രായമില്ല എന്നത് ശ്രദ്ധേയമാണ്.

ഫഹദിന്റെ അഭിനയ മികവിനെ വാഴ്ത്തി അൽജസീറ, ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തി. മലയാള നവതരംഗ സിനിമയുടെ നായകനെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഫഹദിനെ വിശേഷിപ്പിച്ചത്. ഓരോ സിനിമ കഴിയുമ്പോഴും ആരാധകരുടെ എണ്ണം കൂട്ടുന്ന ഫഹദിന് പക്ഷെ സ്വന്തം വീട്ടിലൊരു 'കട്ട ഫാനു'ണ്ട്. മറ്റാരുമല്ല, ഭാര്യയും നടിയുമായ നസ്രിയ തന്നെ. നസ്രിയ തന്നെയാണ് ആ രഹസ്യം തുറന്നു സമ്മതിച്ചിരിക്കുന്നത്

ഇൻസ്റ്റഗ്രാമിൽ ഫഹദിനൊപ്പമുള്ള സെൽഫി പങ്കുവച്ചാണ് നസ്രിയ അക്കാര്യം വെളിപ്പെടുത്തിയത്. എന്റെ 'ഫാൻ മൊമന്റ്' ചിത്രം എന്നു പറഞ്ഞാണ് നസ്രിയ സെൽഫി പങ്കുവച്ചത്. സർ ജി, ഞാൻ താങ്കളുടെ കട്ട ഫാനാണ് എന്ന് ചിത്രത്തിന് അടിക്കുറിപ്പായി ചേർക്കുകയും ചെയ്തിരിക്കുന്നു.

''എന്നും എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കൂ... ഞാനൊരിക്കലുമൊരു പക്ഷപാതിയല്ല. എന്റെ 'ഫാൻ മൊമന്റ്' സെൽഫിയാണിത്...''-ഇൻസ്റ്റഗ്രാമിൽ നസ്രിയ കുറിച്ചു. ഫാഫാബോയ്, മൈബോയ് എന്നുള്ള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നിമിഷ സജയൻ, റോഷൻ മാത്യു, വിഷ്ണു ഉണ്ണികൃഷ്ണൻ അടക്കമുള്ള മലയാള ചലച്ചിത്ര ലോകത്തെ പുത്തൻ താരവിസ്മയങ്ങളും മനോഹരമായ കുറിപ്പിനോട് പ്രതികരിച്ചിട്ടുണ്ട്.