ഉമ്പായിയെപോലെ മറ്റൊരു സംഗീത പ്രതിഭയെ തനിക്കറിയില്ല: കെമാല്‍ പാഷ

kamal pasha

കൊച്ചി: കലയിലൂടെ തന്റെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിച്ച കറകളഞ്ഞൊരു കലാകാരനായിരുന്നു ഉമ്പായിയെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി. കെമാല്‍ പാഷ.

എഴുത്തുകാരന്‍ വി. ആര്‍. രാജമോഹന്റെ തിരക്കഥയില്‍ സതീഷ് കളത്തില്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന 'അറബിക്കടലിന്റെ ഗസല്‍ നിലാവ്' എന്ന ഉമ്പായിയെകുറിച്ചുള്ള മ്യൂസിക്കല്‍ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണില്‍ ക്ലാപ്പ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയം ഈണം പകര്‍ന്ന്,  സ്വന്തമായി പാടി, ഓരോ ഗാനത്തിലൂടെയും മനുഷ്യമനസുകളെ അലയടിപ്പിക്കുകയും അലിയിപ്പിക്കുകയും ചെയ്ത്, ഇന്ത്യയിലെ മുന്‍നിര ഗസല്‍ സംഗീതജ്ഞര്‍ക്കിടയില്‍ ഇടംപിടിച്ച വ്യക്തിയായിരുന്നു ഉമ്പായി.  ഒരു അന്യഭാഷയിലെ സംഗീതശാഖയെ മറ്റൊരു ദേശത്തേക്ക്, ഭാഷയിലേക്ക് പറിച്ചു നടുകയും അതിനെ, സ്വപ്രയത്‌നത്താല്‍ ജനകീയമാക്കുകയും ചെയ്ത മറ്റൊരു പ്രതിഭയെ തനിക്കറിയില്ലെന്നും കര്‍ണ്ണാട്ടിക്- ഹിന്ദുസ്ഥാനി സംഗീതങ്ങളേക്കാള്‍ തനിക്കു താല്പര്യം ഉമ്പായിയുടെ ഗസലുകളാണെന്നും കെമാല്‍ പാഷ തുടര്‍ന്നു പറഞ്ഞു.