'ദിലീപ്​ കുറ്റാരോപിതൻ ആണെന്ന്​ അറിഞ്ഞതുമുതൽ അയാളുമായി സഹകരിച്ചിട്ടില്ല': ജോയ്​ മാത്യു

joy mathew

നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ 'ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ്. എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാന്‍ ആരുമില്ല' എന്ന പരാമർശവുമായി നടൻ ജോയ്​ മാത്യു രംഗത്തെത്തിയിരുന്നു. 

ജോയ് മാത്യുവിന്‍റെ പ്രസ്​താവനയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കുറ്റവാളികളുമായി സഹകരിക്കില്ല എന്ന നിലപാട്​ ആദ്യം സ്വയം സ്വീകരിക്കണം എന്നായിരുന്നു ജോയ്​ മാത്യുവിനെതിരായ പരാമർശം. ഇതിനുപിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്​ ജോയ്​ മാത്യു.

ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് ജോയ് മാത്യു പറഞ്ഞു. ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ടെന്നും പക്ഷേ  അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. 

ജോയ് മാത്യുവിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

"ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ "താങ്കൾ ആദ്യം തുടങ്ങൂ " എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. കൂടാതെ 
അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷേ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള  പ്രേക്ഷകരും ഉള്ള കാലത്തോളം എൻ്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല."

2017 ജൂലൈയിലെ ഒരു പത്രകട്ടിങ്ങിനൊപ്പമാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ്. ദിലീപുമായി സഹകരിക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് വാർത്ത. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് നിരവധി താരങ്ങളാണ് രം​ഗത്തെത്തുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയുടെ മോഹൻലാലും ഉൾപ്പടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ ‍ഡബ്ല്യൂസിസി ഉൾപ്പടെയുള്ളവർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ട സമയത്ത് പിന്തുണ കിട്ടിയിട്ടില്ലെന്നാണ് സംഘടന പറഞ്ഞത്.