'ഇളയനിലാ പൊഴിഗിറതേ...'; കല്യാണവീട്ടിൽ പാട്ടുപാടി കയ്യടി നേടി സുരേഷ് ഗോപി

actor suresh gopi sing song at wedding ceremony

വിവാഹ വേദിയിൽ പാട്ട് പാടുന്ന നടനും എംപിയുമായ സുരേഷ് ​ഗോപിയുടെ വീഡിയോയാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വിവാഹവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ താരത്തെ വേദിയിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. ഉടൻ തന്നെ വേദിയിലെത്തിയ സുരേഷ് ഗോപി മൈക്ക് കയ്യിലെടുത്ത് ഗംഭീരമായി പാടി. അഭിനയത്തിന് പുറമേ താനൊരു മികച്ച ​ഗായനാണെന്ന് തെളിയിച്ച താരമാണ് സുരേഷ് ​ഗോപി. പലവേദികളിലും അദ്ദേഹത്തിൻ്റെ മനോഹര ​ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. 

'ഈ സ്‌നേഹം എന്നും എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു, ഞാന്‍ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു' എന്ന കുറിപ്പോ‍‍ടെയാണ് ശബരീഷ് വീഡിയോ പങ്കുവച്ചത്. "ഇളയനിലാ പൊഴിഗിറതേ..."എന്ന ​ഗാനമാണ് സുരേഷ് ​ഗോപി ആലപിച്ചത്. നിറ കയ്യടിയോടെയാണ് സുരേഷ് ​ഗോപിയുടെ പാട്ട് ഏവരും കേട്ടത്. പാടിക്കഴിഞ്ഞ ഉടൻ മൈക്ക് കൈമാറി താരം വേദി വിടുകയും ചെയ്തു.

നിതിന്‍ രണ്‍ജി പണിക്കരാണ് സംവിധാനം ചെയ്ത്  'കാവല്‍' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രം കൂടിയായിരുന്നു 'കാവൽ'.