'ഞാൻ ഇപ്പോൾ ഓക്കേയാണ്, നല്ല ഭേദമുണ്ട്, കൂടുതൽ സമയവും ഉറക്കം തന്നെ': ശോഭന

shobana

കഴിഞ്ഞ ദിവസമാണ് തനിക്ക് ഒമിക്രോൺ ബാധിച്ചുവെന്ന് അറിയിച്ചുകൊണ്ട് നടി ശോഭന രംഗത്തെത്തിയത്. എല്ലാ മുൻകരുതലുകളും എടുത്തിട്ടും കോവിഡ് വകഭേദം ബാധിക്കുക ആയിരുന്നുവെന്ന് ശോഭന അറിയിച്ചു. ഇപ്പോഴിതാ തൻ്റെ ആരോ​ഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് പറയുകയാണ് നടി. രണ്ട് ദിവസത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഭേദമുണ്ടെന്നും എല്ലാം ഓക്കേയാണെന്നും ശോഭന അറിയിച്ചു. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു താരം വിശേഷങ്ങൾ പങ്കുവച്ചത്. 

‘എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ഞാൻ ഇപ്പോൾ ഓക്കേയാണ്. കൂടുതൽ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുൻപത്തേക്കാൾ ഇപ്പോൾ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്’- ശോഭന പറഞ്ഞു.

ശോഭനയുടെ കുറിപ്പിൽനിന്ന്:

ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധിവേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു. ആദ്യ ദിവസം മാത്രമായിരുന്നു ഇത്രയും പ്രശ്നങ്ങൾ, പിന്നീട് ഇവ കുറഞ്ഞുവന്നു.

രണ്ടു ഡോസ് വാക്സീനും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. രോഗം ശക്തമാകുന്നത് 85 ശതമാനം ഇതു തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സീൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ​ഗം എടുക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഒമിക്രോൺ, കോവിഡ് മഹാമാരിയുടെ അവസാനത്തെ വകഭേദമാണെന്നു പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.