ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം

zoya akthar ali fazal konkana sonam kapoor sidharth lend support to survivor actress attack case

നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡും. ബോളിവുഡ് സംവിധായിക സോയ അക്തര്‍, നടിമാരായ സോനം കപൂര്‍, കൊങ്കണ ശര്‍മ്മ, നടന്‍മാരായ അലി ഫസല്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് പിന്തുണയറിയിച്ചെത്തിയത്. നടിയുടെ കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി നൽകിയാണ് ഇവർ പിന്തുണ അറിയിച്ചത്. 

നടിക്ക് പിന്തുണയുമായി മലയാളസിനിമാലോകം തന്നെ ഒന്നിച്ചെത്തിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, രേവതി, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, കാളിദാസ് ജയറാം, പാർവതി, സുപ്രിയ മേനോൻ, സംയുക്ത മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, ആര്യ, ഇന്ദ്രജിത്ത്, മിയ, അന്നാ ബെൻ, ബാബുരാജ്, നീരജ് മാധവ്, നിമിഷ സജയൻ, അഞ്ജലി മേനോൻ, രഞ്ജു രഞ്ജിമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് നടിക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്. സാമൂഹിക മാധ്യമങ്ങളിലും നടിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്.

നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

അഞ്ച് വര്‍ഷമായി എൻ്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എൻ്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.