‘മമ്മൂക്ക വാപ്പയുടെ ക്ലാസ്‌മേറ്റ് ആണോ’: താരത്തെ നേരിൽ കണ്ട കുട്ടി ആരാധിക പീലിമോളുടെ സംശയം

mammotty

കുറച്ചുനാളുകൾക്കു മുൻപ് വൈറൽ ആയ മമ്മുട്ടിയുടെ കുട്ടി ആരാധികയെ ഓർമയിലെ. മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടുപോയില്ലെന്നു പറഞ്ഞു കരഞ്ഞ പീലിമോൾ സൂപ്പർതാരത്തിന്റെ മനസു കീഴടക്കിയിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ പരാതി പറഞ്ഞ പീലി മോളുടെ ജന്മദിനത്തില്‍ മമ്മൂട്ടി സമ്മാനങ്ങളും കൊടുത്ത് അയച്ചിരുന്നു.

ഇപ്പോഴിതാ  മമ്മൂട്ടിയെ നേരിട്ട് കണ്ട പീലി മോളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസ് മുഖേനയാണ് പീലിക്കും കുടുംബത്തിനും ഈ അവസരം ഒരുങ്ങിയത്.

റോബർട്ട് ജിൻസ് തന്നെയാണ് പീലിമോൾ മമ്മൂട്ടിയെ കണ്ടതിന്റെ വിശേഷം പങ്കുവെച്ചത്. മമ്മൂട്ടിയെ കണ്ടപ്പോൾ കൊച്ചുമിടിക്കിക്ക് ഒരു സംശയവുമുണ്ടായി. തന്റെ വാപ്പയുടെ ക്ലാസ്മേറ്റാണോ മമ്മൂക്ക എന്നായിരുന്നു പീലിമോളുടെ ചോദ്യം.  

റോബർട്ട് ജിൻസിന്റെ വാക്കുകൾ:

അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല.. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് – സാജിലക്കും ഒപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്യ്ക്ക് സമ്മാനമായി നല്‍കി.

(മമ്മൂക്കയെ കണ്ട ശേഷം പീലിമോള്‍ക്ക് ഒരു സംശയം ഈ മമ്മുക്ക ഓള്‍ടെ വാപ്പയുടെ ക്ലാസ് മേറ്റ് ആണോന്ന് .. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അദ്ഭുതം..)