വാഗമണ്ണിലെ ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ അനുഭവം പങ്കുവെച്ച് ജയസൂര്യ ; പോസ്റ്റ് വൈറൽ

a
 

വ്യക്തിപരമായ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരമാണ് ജയസൂര്യ (Jayasurya). ഇപ്പോഴിതാ തൻറെ മനസിനെ സ്‍പർശിച്ച ഒരനുഭവം ചിത്രങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. വാഗമണ്ണിലെ ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ അനുഭവമാണ് ജയസൂര്യ പങ്കുവച്ചത്. വീട്ടിലെ കുട്ടിക്ക് സ്‍കൂളിൽ കൊണ്ടുപോകാനായി തയ്യാറാക്കിയ വിഭവം തനിക്കുകൂടി പകുത്തുനൽകിയ അമ്മയെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.

"ഇത് ഇവിടത്തെ കൊച്ചിന് സ്‍കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ...", ഈ സംഭാഷണത്തിനൊപ്പം തനിക്ക് ആഹാരം വിളമ്പിയ ആളുടെയും ഹോട്ടലിൻറെയും ചിത്രങ്ങളും ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. മൂന്ന് മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമൻറുകളുമാണ് ജയസൂര്യയുടെ പോസ്റ്റിന് ലഭിച്ചത്.

അതേസമയം കരിയറിലും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് ജയസൂര്യ കടന്നുപോകുന്നത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയായിരുന്നു. പ്രജേഷ് സെൻ ചിത്രം വെള്ളത്തിലെ മദ്യപനായ നായക കഥാപാത്രമാണ് ജയസൂര്യയ്ക്ക് പുരസ്‍കാരം നേടിക്കൊടുത്തത്. ഒടിടി റിലീസ് ആയി അവസാനമെത്തിയ ചിത്രം സണ്ണി ഇത്തവണത്തെ ഇന്ത്യൻ പനോരമയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാദിർഷയുടെ ഈശോ, പ്രജേഷ് സെന്നിൻറെ മേരി ആവാസ് സുനോ, ആട് 3, കത്തനാർ, രാമ സേതു, ജോൺ ലൂഥർ തുടങ്ങി ശ്രദ്ധേയ ലൈനപ്പ് ആണ് ജയസൂര്യയുടേത്.