നിര്‍മ്മാതാക്കള്‍ ബില്ലടച്ചില്ല; കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു

Kalidas Jayaram
 

മൂ​ന്നാ​ർ:  സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്ന് സിനിമാ താരം കാളിദാസ് ജയറാം (Kalidas Jayaram)അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞുവെച്ചത്.

തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. ബാങ്കുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങളുണ്ടെന്നും പണം നാളെ അടയ്ക്കാമെന്നും സിനിമാ നിര്‍മാണ കമ്പനി ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഹോട്ടലുടമ തയ്യാറായില്ല. തുടര്‍ന്ന് സംഘവും ഹോട്ടലുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഗേറ്റ് അടയ്ക്കുന്നതടക്കം നടപടികളിലേക്ക് കടക്കുകയും ചെയ്തു.


വാക്കേറ്റത്തിനൊടുവില്‍ മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍മാണ കമ്പനി പണമടച്ചത്. തുടര്‍ന്നാണ് സംഘത്തെ ഹോട്ടലുകാര്‍ വിട്ടയച്ചത്.  പൊലീസ് എത്തുന്നതിന് മുമ്പേ കാളിദാസ് ഹോട്ടൽ വിട്ടിരുന്നു.