കോവിഡ്: ലത മങ്കേഷ്‌കര്‍ ഐസിയുവില്‍

lata mangeshkar

മുംബൈ: കോവിഡ് ബാധയെ തുടർന്ന് ഗായിക ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്കർ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും  ഡോക്ടർമാർ അറിയിച്ചു. പ്രായം കണക്കിലെടുത്താണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ എന്നും കുടുബം പറയുന്നു. 

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ക്ക് 92 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92-ാം ജന്മദിനം ആഘോഷിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതേ തുടർന്ന് പൂർണ വിശ്രമത്തിലിരിക്കെയാണ് കോവിഡ് ബാധിച്ചത്.

തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാർത്ഥനയിൽ ലതാ മങ്കേഷ്കറെ ഓർക്കണമെന്നും മരുമകൾ രചന ആവശ്യപ്പെട്ടു. 1929 സെപ്തംബര്‍ 28 ന് ജനിച്ച ലത മങ്കേഷ്‌കര്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2001 ല്‍ രാജ്യം ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം നല്‍കി ആദരിച്ചിരുന്നു.