‘ഓർമ’യിൽ നിന്നും പടിയിറങ്ങി കെപിഎസി ലളിത; ഇനി സിദ്ധാർഥിനൊപ്പം എറണാകുളത്ത്

 kpac lalitha

തൃശ്ശൂർ എങ്കക്കാട്ടെ സ്വവസതിയായ ‘ഓർമ’യിൽ നിന്നും പടിയിറങ്ങി നടി കെപിഎസി ലളിത. ബുധനാഴ്ച രാത്രി ‘ഓർമ’യിൽ നിന്നും പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു താരം. എറണാകുളത്തുള്ള മകൻ സിദ്ധാർഥിൻ്റെ ഫ്ലാറ്റിലാകും കെപിഎസി ലളിത ഇനി താമസിക്കുക. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പ് ഓർമ്മയിലേക്ക് നടിയെ കൊണ്ടുവന്നിരുന്നു.

വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി. മകൻ സിദ്ധാർഥും ഭാര്യയും മുംബൈയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളിൽ ലളിതയ്ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍‍ഷം ഒക്ടോബറിലാണ് കരൾരോഗംമൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.