മാസ്റ്റർ’ പകുതി വിജയ് സിനിമയും പകുതി ലോകേഷ് കനകരാജ് സിനിമയും ആയിരുന്നെങ്കിൽ ‘ലിയോ’ നൂറ് ശതമാനും ഒരു ലോകേഷ് കനകരാജ് ചിത്രമായിരിക്കും. ലോകേഷ് കനകരാജ് തന്നെയാണ് എസ്എസ് മ്യൂസിക്കിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘എനിക്കു വന്ന സൂപ്പർസ്റ്റാർ ചിത്രമാണ് ‘മാസ്റ്റർ’. സമയം തീരെ കുറവായിരുന്നു. അതുകൊണ്ടാണ് ഒരു ഫിഫ്റ്റി ഫിഫ്റ്റിയാകും ആ ചിത്രമെന്ന് അന്ന് ഞാൻ പറഞ്ഞത്. എനിക്ക് എന്റേതായ ഒരു രീതിയുണ്ട്. ‘ലിയോ’ പൂർണമായും എന്റെ സ്റ്റൈലിൽ ചിത്രീകരിച്ചിരിക്കുന്ന ‘വിജയ്’ സിനിമയാണ്.’’–ലോകേഷ് കനകരാജ് പറയുന്നു.
‘‘ഏറെ ഇഷ്ടപ്പെട്ടും പ്രതീക്ഷയോടും കൂടിയാണ് ഈ തൊഴിലിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ ഞാൻ ചെയ്യുന്ന ജോലിക്ക് വലിയ പേരും പ്രശംസയും ലഭിക്കുന്നുണ്ട്. ആളുകളും എന്നിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ അവരോട് ഒരു ഉത്തരവാദിത്തം ഉള്ളവനായിരിക്കണം എന്നു തോന്നുന്നു. ഇത്രയും ദൂരം പിന്നിട്ടു എന്നു വിചാരിക്കുമ്പോൾ ഇവിടെ തന്നെ നിന്നുപോകുമോ എന്ന ഭയം ഉള്ളിലുണ്ട്. വിജയത്തിന്റെ സന്തോഷത്തേക്കേൾ ഉപരി പരാജയത്തിലുള്ള ഭയമാണ് കൂടുതൽ. ഞങ്ങളൊരു ടീം ആയാണ് ആരംഭിച്ചത്. ആ ടീമിൽ എഴുപത്തിയഞ്ച് ശതമാനം ആളുകളും ഇപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്. അതുകൊണ്ട് ഇതൊന്നും എന്റെ മാത്രം വിജയമല്ല.
ഇപ്പോൾ കഴിഞ്ഞ ആറുമാസമായി നോൺ സ്റ്റോപ്പ് ഷൂട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ചില പരിപാടികളിൽ എന്നെ വളരെ ക്ഷീണിതനായി എന്നെ കാണുന്നുവെന്ന് കമന്റുകൾ കണ്ടു. അതിന്റെ കാരണം തുടർച്ചയായ ചിത്രീകരണം തന്നെയാണ്. നൂറ്റൻപത് ദിവസമാണ് സിനിമയുടെ ഷൂട്ടെങ്കിൽ 125 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കണം. അങ്ങനെയാണ് ‘ലിയോ’ ആരംഭിച്ചത്. കാരണം ഒരുപാട് അഭിനേതാക്കളുണ്ട്. അവരുടെയൊന്നും ഡേറ്റ് പ്രശ്നമാകാതെ ഷൂട്ടിങ് പൂർത്തിയാക്കണം. അതിന് കഠിനമായ ജോലി ആവശ്യമായിരുന്നു. കശ്മീർ മുതൽ ഇപ്പോൾ ഈ ഷെഡ്യൂൾ പൂർത്തിയാകുന്നതുവരെയും അത് അങ്ങനെ തന്നെയാണ് പോകുന്നത്.
ഒരുപാട് വലിയ സിനിമകൾ ചെയ്ത് ഇവിടെ തന്നെ തുടരണമെന്ന പദ്ധതിയൊന്നും എനിക്കില്ല. ഇതൊക്കെ ശ്രമിച്ചു നോക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഹ്രസ്വചിത്രങ്ങൾ എടുക്കാൻ ആരംഭിക്കുന്നത്. ഒരു കണക്ട് ഉണ്ടെന്നു തോന്നിയതും ഇത് എന്റെ തൊഴിലാക്കി മാറ്റി. ഇപ്പോൾ ഈ യൂണിവേഴ്സ് പരീക്ഷിച്ചതിും കൂടെ വര്‍ക്ക് ചെയ്ത അഭിനേതാക്കള്‍, നിർമാതാക്കൾ എന്നിവർക്കാണ് നന്ദി പറയേണ്ടതുണ്ട്. കാരണം അത് അത്ര എളുപ്പത്തിൽ സംഭവിക്കുന്ന ഒന്നായിരുന്നില്ല, ഒരുപാട് കടമ്പകളുണ്ടായിരുന്നു. എല്ലാ നടന്മാര്‍ക്കും അവരുടേതായ ഒരു ഫാന്‍ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയില്‍ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കും.
Read More:ആഫ്രിക്കൻ ഒച്ചുകൾ; കേരളത്തിലും
ഒരു ശ്രമം എന്ന നിലയ്ക്കാണ് ‘വിക്രം’, ‘കൈതി’ സിനിമകളെ കണക്ട് ചെയ്തു ഒരു ക്രോസ്സ് ഓവര്‍ ആയി കൊണ്ടുവന്നത്. പക്ഷേ അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ക്ഷമയോടെയാണെങ്കിലും ആ വരവേൽപ് മനസ്സിൽ വച്ച് പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഇത് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇരുപത് വർഷത്തേക്കുള്ള ഐഡിയയൊന്നും മനസ്സിൽ ഇല്ല. ഒരു പത്ത് സിനിമ ചെയ്യും. അതുകഴിഞ്ഞ് വിടും.
ദളപതിയുമായി വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ‘ലിയോ’യിൽ എന്നെ സന്തോഷിപ്പിക്കുന്ന ഘടകം. ‘മാസ്റ്റർ’ സിനിമ കഴിഞ്ഞപ്പോൾ തന്നെ വീണ്ടുമൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് എപ്പോൾ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു. ‘വിക്രം’ സിനിമ പൂർത്തിയായിരിക്കുമ്പോഴാണ് അവരുമായി ഒന്നിക്കാമെന്ന് പറയുന്നത്. വിജയ്‌യുമൊത്ത് പ്രവർത്തിക്കുന്നത് തന്നെ സന്തോഷം തരുന്ന കാര്യമാണ്. നമ്മൾ വളരെ ക്ഷീണിതരായി, വലിയ ആക്‌ഷൻ സീനുകളൊക്കെ എടുക്കാൻ നിൽക്കുന്ന സമയത്തും സെറ്റ് ഭയങ്കര ഫൺ ആയിരിക്കും. അദ്ദേഹവുമായുള്ള ഷൂട്ടിങ് ഇനിയൊരു പത്ത് ദിവസം കൂടിയേ ഒള്ളൂ. അത് ഓർക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങളെല്ലാം നന്നായി അദ്ദേഹത്തെ മിസ് ചെയ്യും. ഒരു വർഷത്തെ യാത്രയാണ് ‘ലിയോ’. അതിന്റെ നരേഷൻ മുതൽ ഇപ്പോൾ വരെ.
ആദ്യ മൂന്ന് നാല് ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹം (സഞ്ജയ് ദത്ത്) എന്നെ സൺ എന്നാണ് വിളിച്ചിരുന്നത്. ഖൽ നായക് മുതൽ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നവരാണ് നമ്മൾ. അതൊക്കെ ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്റെ ജോലിയുടെ രീതി അദ്ദേഹത്തിന് ഇഷ്ടമായി എന്നാണ് ഞാൻ വിചാരിക്കുന്നത്. ഞാനങ്ങനെ ഒരുപാട് ഷോട്ടുകൾ എടുക്കുന്ന ആളല്ല. പല ആങ്കിളുകളിൽ നിന്ന് ഷോട്ട് എടുത്ത് അഭിനേതാക്കളെ ബുദ്ധിമുട്ടിപ്പിക്കാറുമില്ല. അതാകും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതെന്ന് ഞാൻ വിചാരിക്കുന്നു.
സാധാരണപോലെ ചിന്തിച്ചിട്ടു കാര്യമല്ല, ഒരു വശത്ത് വിജയ് സർ, സഞ്ജയ് ദത്ത് , അർജുൻ സർ, ഗൗതം മേനോൻ സർ, മിഷ്കിൻ സർ ഒക്കെയാണ് ഇരിക്കുന്നത്. അതിൽ രണ്ടുപേർ സംവിധായകരും. ഒരു ഷോട്ട് വയ്ക്കുന്ന രീതിയും ഫ്രെയ്മിങും അവർക്കും അറിയാം. അവരെയും നമ്മൾ രസിപ്പിക്കണം, അതിനായി നന്നായി ചിന്തിക്കണം. അതാണല്ലോ നമ്മുടെ ജോലി.
ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് മിഷ്കിൻ സർ എങ്ങനെ ആകും പ്രതികരിക്കുക എന്നൊക്കെ ഒരു ആവലാതി ഉണ്ടായിരുന്നു. മൈനസ് 20 ഡിഗ്രിയിലാണ് മിഷ്കിൻ സാറിന്റെ ഭാഗങ്ങൾ കശ്മീരില്‍ ചിത്രീകരിച്ചത്. അതും തുടർച്ചയായ നൈറ്റ് ഷൂട്ട്സ്. കഠിനമായ ആത്മസമർപ്പണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഓരോ ഷോട്ട് കഴിയുമ്പോഴും ഞാൻ അവരോട് പോയി സോറി പറയും. തണുപ്പുകാരണം കണ്ണുമാത്രം മൂടാതെ നമ്മൾ ഇരുന്ന് ജോലി ചെയ്യുമ്പോൾ സർ വെറും ഷർട്ടും പാന്റും ധരിച്ചാകും സെറ്റിലിരിക്കുക. കാരണം അവർ അഭിനേതാക്കളാണ്. ഒരു ജാക്കറ്റ് ഉണ്ടാകും. പക്ഷേ അദ്ദേഹത്തിനും ആ സീൻസ് ഇഷ്ടപ്പെട്ടു. ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹത്തെകൊണ്ട് ചെയ്യിച്ചത്.
ഗൗതം മേനോൻ സാറും ഇതേ പോലെയായിരുന്നു. ചില സീനുകളില്‍ ഡയലോഗുകള്‍ പറയുമ്പോള്‍ ഞാൻ അദ്ദേഹത്തോട് സാറിന്റെ സിനിമകളിലേതുപോലെ കുറച്ച് ഇംഗ്ലിഷ് വാക്കുകൾ വച്ച് സംസാരിക്കാൻ പറയും. ഒരുതവണ സീൻ എടുക്കുമ്പോൾ അദ്ദേഹത്തിന് സിഗരറ്റ് വലിക്കുന്നത് എങ്ങനെയെന്ന് അറിയില്ലെന്നു പറഞ്ഞു. അത് എങ്ങനെയെന്ന് ഞാൻ തന്നെ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. എങ്ങനെ ഇത്ര പെർഫെക്ടായി ചെയ്യുന്നുവെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഞാൻ പറഞ്ഞു, ‘സാറിന്റെ കാക്ക കാക്ക’ പടത്തില്‍ നിന്നും പഠിച്ചതാണെന്ന്. വിജയ് സർ സെറ്റ് ഫൺ ആക്കും. ആരുടെ മുകളിലും ഒരു സമ്മർദവുമില്ല.
എല്ലാ അഭിനേതാക്കളുമായും ഒരു ബോണ്ട് ഉണ്ട്. എല്ലാവരെയും സർ എന്നാണ് ഞാന്‍ വിളിക്കുക. എന്നാൽ വിജയ്‌യെ മാസ്റ്റർ ആദ്യ ഷെഡ്യൂൾ കഴിയുന്നതിനു മുമ്പ് തന്നെ അണ്ണാ എന്നു വിളിച്ചു തുടങ്ങി. ഞാൻ മാത്രമല്ല സെറ്റിലുള്ള മറ്റുള്ളവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. ആ സ്പേസ് അദ്ദേഹം മറ്റുള്ളവർക്ക് നൽകുന്നുണ്ട്. രാവിലെയൊക്കെ ഏത് ഷോട്ട് എങ്ങനെ എടുക്കും എന്ന ടെൻഷനിലാകും ഞാനടക്കമുള്ളവർ സെറ്റിലേക്കെത്തുന്നത്. പ്രധാനപ്പെട്ട സീൻ ആണ് എടുക്കുന്നതെങ്കിൽ വിജയ് അണ്ണനും ആ മൂഡിലാകും എത്തുക. പക്ഷേ വന്ന ഉടനെ സെറ്റിലുള്ള എല്ലാവരെയും വിഷ് ചെയ്യും. അതൊരു ക്വാളിറ്റിയാണ്. നമ്മൾ അതുനോക്കി പഠിച്ചാലും, അടുത്ത ദിവസം മറന്നുപോകും. എന്നാൽ ഒരുദിവസം പോലും അദ്ദേഹം ഇത് മറക്കില്ല.
ഇതിപ്പോൾ ഞാൻ ഇദ്ദേഹത്തിനു വേണ്ടി പറയുന്നതല്ല, സെറ്റിലുള്ള 1800 പേർക്കും അറിയാവുന്ന കാര്യമാണ്. 8.30 നോ 9 മണിക്കോ ആണ് ഫസ്റ്റ് ഷോട്ട് എങ്കിൽ രാവിലെ ഏഴ് മണിക്ക് അദ്ദേഹത്തിന്റെ വണ്ടി സെറ്റിൽ എത്തിയിരിക്കും. ഒരുദിവസം മാത്രം അഞ്ച് മിനിറ്റ് താമസിച്ചുപോകുന്ന പ്രശ്നമില്ല. ഏഴ് മണിയെന്നാൽ കൃത്യം ഏഴ് മണി. ഞാൻ തന്നെ ചിലപ്പോൾ ഏഴരയ്ക്കും എട്ടുമണിക്കുമാകും സെറ്റിലെത്തുക. ഹോട്ടലിൽ നിന്നും ഞാനിറങ്ങുമ്പോൾ എന്റെ ഡ്രൈവർ ഓടിവന്ന് പറയും, ‘ദളപതി വണ്ടി പോയി, വേഗം വരൂ പോകാം’ എന്ന്.
‘മാസ്റ്റർ’ ആദ്യ ഷെഡ്യൂൾ കഴിയുന്നതിനു മുമ്പേ അണ്ണാ എന്നു വിളിച്ചുതുടങ്ങിയ ബന്ധമാണ്. ഈ സിനിമയിലെത്തുമ്പോൾ കുറച്ചധികം മികച്ചതാകുന്നു എല്ലാം. ആദ്യമായി എനിക്കു വന്ന സൂപ്പർസ്റ്റാർ ചിത്രമാണ് ‘മാസ്റ്റർ’. സമയം തീരെ കുറവായിരുന്നു. അതുകൊണ്ടാണ് ഒരു ഫിഫ്റ്റി ഫിഫ്റ്റിയാകും ആ ചിത്രമെന്ന് അന്ന് ഞാൻ പറഞ്ഞത്. എനിക്ക് എന്റേതായ ഒരു രീതിയുണ്ട്. അവർക്കും അവരുടേതായ ഫാന്‍സ് പുറത്തുണ്ട്. അവരെയും സംതൃപ്തിപ്പെടുത്തണം. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്.
ഇപ്പോൾ കഴിഞ്ഞ നാലുവർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. അണ്ണാ നമുക്ക് ഇതിങ്ങനെ ചെയ്യാം എന്ന് അദ്ദേഹത്തോട് പറയാനുള്ളൊരു ബോണ്ട് ഞങ്ങൾ തമ്മിലുണ്ട്. ഒരു മൂന്ന് വർഷമായി ഞങ്ങൾ ഈ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. അഞ്ച് നരേഷൻ പോയിട്ടുണ്ട്. ഇതെല്ലാം സംഭവിച്ചത് അദ്ദേഹത്തെ നന്നായി അറിഞ്ഞതുകൊണ്ട് മാത്രമാണ്. ഇത് ഇങ്ങനെ തന്നെ ചെയ്യണം എന്ന് അദ്ദേഹത്തോട് പറയാനുള്ള സ്വാതന്ത്യം ഇപ്പോഴെനിക്കുണ്ട്. അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നൊരു ഷോട്ട് ആ കംഫർട്ട് സോണ്‍ വന്നതിനു ശേഷമാണ് ഞങ്ങൾ എടുത്ത് പൂർത്തിയാക്കിയത്. അദ്ദേഹം തന്ന ആ സ്പേസ് വച്ചാണ് ‘ലിയോ’ സാധ്യമായത്. അതുകൊണ്ടാകും ഈ സിനിമ ആളുകൾ ഇഷ്ടപ്പെടുക. കാരണം അദ്ദേഹം ആ സ്പേസ് തന്നിരുന്നില്ലെങ്കിൽ ഞാൻ വേറെ രീതിയിലാകും ഇത് ചെയ്യുക, ചിലപ്പോൾ കമേഴ്സ്യൽ ആയിപ്പോകും. ഇത് പൂർണമായും എന്റെ സ്റ്റൈലിൽ ചിത്രീകരിച്ചിരിക്കുന്ന ‘വിജയ്’ സിനിമയാണ്.’’–ലോകേഷ് കനകരാജ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം