ചൈനയെയും പൊട്ടിച്ചിരിപ്പിച്ച്​ 'മിന്നൽ മുരളി'; ആസ്വദിച്ച് കുഞ്ഞുങ്ങൾ

minnal murali tovino thomas

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ ലോകമൊട്ടാകെ തരംഗമായി കൊണ്ടിരിക്കുകയാണ്. സംവിധായകൻ ബേസിൽ ജോസഫ് പങ്കുവച്ച വീഡിയോ തന്നെ അതിനൊരുദാഹരണം. 'മിന്നല്‍ മുരളി' ചൈനയിലെ ഒരു സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിൻ്റെ  വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

‘മിന്നല്‍ മുരളി’ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ചൈനീസ് കുട്ടികളെ വിഡിയോയിൽ കാണാം.  ഈ വിഡിയോ തൻ്റെ ഈ ദിവസം മനോഹരമാക്കി എന്നായിരുന്നു അടിക്കുറിപ്പായി ബേസിൽ കുറിച്ചത്.  വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി രം​ഗത്തെത്തിയിരിക്കുന്നത്. നല്ല സിനിമയ്ക്ക് എന്ത് ഭാഷ എന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബര്‍ 24 ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ‘മിന്നല്‍ മുരളി’ നെറ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ നെറ്റ്ഫ്‌ളിക്സിൻ്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി ചിത്രം. നെറ്റ്ഫ്ളിക്സ് ഇന്ത്യൻ ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.

ചിത്രത്തിൻ്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യവും ഉയർന്നു. ഇപ്പോഴിതാ നെറ്റ്​ഫ്ലിക്സിന്‍റെ ആഗോള ഹിറ്റ്​ ചാർട്ടിൽ ഇടംപിടിക്കുകയാണ് ‘മിന്നല്‍ മുരളി’. റിലീസ്​ ചെയ്യുന്നതിന്​ മുമ്പേ തന്നെ ഇന്ത്യയിലെ ഹോട്ട്​ടോപ്പിക്കുകളിലൊന്നായി മാറിയ ബേസിൽ ജോസഫ്-ടോവിനോ തോമസ്​​ ചിത്രം നെറ്റ്​ഫ്ലിക്സിന്‍റെ ഇംഗ്ലീഷ്​ ഇതര വിഭാഗത്തിൽ ടോപ്​ മൂന്നാം സ്ഥാനത്താണ്​ നിലയുറപ്പിച്ചിരിക്കുന്നത്​. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.