അനിയന് മിഥുന് എന്ന ബിഗ് ബോസ് മത്സരാർഥി ഇന്ത്യൻ ആർമിയെക്കുറിച്ച് പറഞ്ഞ കഥ പച്ചക്കള്ളമെന്ന് മേജർ രവി. എല്ലാവരും ഏറെ ബഹുമാനിക്കുന്ന രാജ്യത്തെ ഏറ്റവും അന്തസുറ്റ സൈന്യമായ ഇന്ത്യൻ പട്ടാളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് വരെ കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി പറയുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ ചരിത്രത്തില്‍ പാരാ കമാന്‍ഡോയില്‍ ഒരു വനിതപോലും ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യമായി വനിതകള്‍ പട്ടാളത്തിലേയ്ക്ക് വരുന്നത് 1992-ല്‍ ആണ്. അനിയൻ മിഥുൻ എന്ന വ്യക്തിക്ക് പാരാ കമാന്‍ഡോ എന്നാൽ എന്തെന്ന് ചെറിയ ധാരണപോലും ഇല്ലെന്ന് മേജർ രവി പറയുന്നു. മിഥുൻ പറഞ്ഞതുപോലെ നെറ്റിയിൽ വെടികൊണ്ട് ഇതുവരെ ഒരു വനിതാ ഓഫിസർ ഇന്ത്യൻ പട്ടാളത്തിൽ മരിച്ചിട്ടില്ലെന്നും പ്രശസ്തിക്ക് വേണ്ടി പച്ച നുണ പടച്ചുവിടുന്ന ഈ മത്സരാർഥി സ്വന്തം കരിയറിനെക്കുറിച്ചു പറഞ്ഞ കഥപോലും സംശയാസ്പദമാണെന്നും മേജര്‍ രവി പറഞ്ഞു.
‘‘ഇതുപോലെ കേരളം മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ ഒരാൾ വന്നിട്ട് എന്ത് പറഞ്ഞാലും അത് മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. ഈ മനുഷ്യന്റെ പേരിൽ വേണമെങ്കിൽ കേസ് കൊടുക്കാൻ എനിക്കു സാധിക്കും. മലയാളി ആയ എന്റെ ഒരു ബാച്ച്മേറ്റ് ഇന്നും എനിക്ക് മെസ്സേജ് അയച്ചു, ‘എടാ ഇത് എന്താണ്’ എന്ന് ചോദിച്ചു. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുകയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. ലാലേട്ടനും ഞാനുമൊക്കെ ഒരുമിച്ച് കശ്മീരിൽ സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെ പോയിട്ടുള്ള ലാലേട്ടൻ ഇതിനു കൃത്യമായി മറുപടി കൊടുക്കുകയും ചെയ്തു.
ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ വരുന്നത് 1992-ല്‍ ആണ്. ആദ്യത്തെ പാസിങ് ഔട്ടിന് ഞങ്ങൾ പോയിട്ടുണ്ട്. ഏറ്റവും റിസ്ക്കുള്ള സെക്ഷൻ സ്ത്രീകൾക്ക് കൊടുത്തിട്ടില്ല. ഇന്റലിജൻസിൽ ആണ് സ്ത്രീകൾ പിന്നീട് കശ്മീർ സേനയിൽ പോയത്. അതും അവർ ഹെഡ് ക്വാർട്ടേഴ്സിൽ ആയിരിക്കും ഇരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആയുധം ഉപയോഗിക്കുന്ന സേനയിൽ സ്ത്രീകൾക്ക് പൊസിഷൻ കൊടുക്കാം എന്ന തീരുമാനം വന്നത് തന്നെ. പിന്നെ എങ്ങനെയാണ് ഈ മനുഷ്യൻ പാരാ കമാന്‍ഡോയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നതെന്ന് എനിക്ക് അറിയില്ല. ഞാൻ പാരാ കമാൻഡോയിൽ വർക്ക് ചെയ്യുമ്പോഴാണ് എൻഎസ്ജി കമാൻഡോയുടെ ഓഫർ വന്ന് അങ്ങോട്ട് പോയത്. ഏറ്റവും ദുഷ്കരമായ ജോലി ആണ് പാരാ കമാന്‍ഡോയുടേത്. അതിൽ ഉള്ള എല്ലാവരും ഒരുപോലെ റിസ്ക് ഉള്ള ജോലി ആണ് ചെയ്യുന്നത്. ഈ മത്സരാർഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫിസറും ഇന്നേവരെ ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല. ഇയാൾ പറഞ്ഞതുപോലെ സന എന്നൊരു പേര് ഞാൻ കേട്ടിട്ടുണ്ട്. അവർ പക്ഷേ യുദ്ധത്തിൽ മരിച്ചതല്ല എന്തോ അപകടത്തിൽ ആണ് മരിച്ചത്.
Read More:സലീമേട്ടന്റ്റെ പുസ്തക പ്രകാശത്തിന് രമേശ് പിഷാരടിയുടെ പൊട്ടി ചിരിപ്പിച്ച പ്രസംഗം
ഞാൻ ഇദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. ഒരെണ്ണത്തിനെങ്കിലും ശരിയായ ഉത്തരം ഇദ്ദേഹം പറയുമെന്ന് തോന്നുന്നില്ല. ആ വനിതാ ഓഫിസറെക്കുറിച്ച് വളരെ ചീപ്പ് ആയിട്ടാണ് ഇയാൾ സംസാരിച്ചിരിക്കുന്നത്. ‘‘ഞാൻ അവിടെ ചെന്നു അപ്പോൾ അവൾ എന്നെ പ്രൊപ്പോസ് ചെയ്തു’’ ? ഇയാൾ അവിടെ ചെല്ലുമ്പോൾ തന്നെ പ്രൊപ്പോസ് ചെയ്യാൻ സ്ത്രീകൾ അവിടെ കാത്തിരിക്കുകയായിരുന്നോ? കശ്മീരിൽ യുദ്ധത്തിന് സന്നദ്ധയായി നിൽക്കുന്ന ഒരു പാരാ കമാൻഡോ എന്ന് പറയപ്പെടുന്ന വ്യക്തി അത്രക്ക് ചീപ്പാണോ? ഇന്ത്യൻ ആർമിയിലെ വനിതാ ഓഫിസർമാർ ആരും പ്രൊപ്പോസ് ചെയ്യാൻ കഴിയുന്ന രീതിയിൽ ചീപ്പല്ല. അവർക്ക് ഒരു അന്തസ്സുള്ള സ്ഥാനമുണ്ട്. അവൾ, ഇവൾ എന്നൊക്കെയാണ് ഇയാൾ അവരെ സംബോധന ചെയ്യുന്നത് അവിടെ തന്നെ ഇയാളുടെ സ്റ്റാൻഡേർഡ് നമുക്ക് മനസ്സിലാക്കാം.
ഇതെല്ലാം പോട്ടെ ആ വനിതാ ഓഫിസർ പ്രൊപ്പോസ് ചെയ്തപ്പോൾ അയാൾ അത് തിരസ്കരിച്ചു അത്രേ. എന്നിട്ട് അവരെയും കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങി എന്നാണ് പറയുന്നത്. അതുകഴിഞ്ഞു വന്നപ്പോൾ അവർ വീണ്ടും പ്രൊപ്പോസ് ചെയ്തു അയാൾ റിജെക്ട് ചെയ്തു എന്തുകൊണ്ട്. ഇയാൾക്ക് ഇത്രയും ഡിമാൻഡോ. അവരുടെ വീട്ടിൽ പോയി ശാപ്പാട് കഴിച്ചു എന്നിട്ടും പ്രപോസൽ തിരസ്കരിക്കുകയാണ്. ഇതൊക്കെ ഒരു തള്ളൽ ആണ് എന്നാണ് മനസ്സിലാകുന്നത്. അവിടെ ഉള്ള ഒരു മത്സരാർഥി പോലും ഇതൊന്നും വിശ്വസിച്ചിട്ടില്ല.
പിന്നെ പറയുന്നത് ഇയാൾ ചെല്ലുമ്പോൾ വനിതാ ഓഫിസറുടെ മേശപ്പുറത്ത് പുതിയ പുതിയ തോക്കുകൾ നിരത്തി വച്ചിരിക്കുന്നു എന്നാണ്. ഇത് വെറും അസംബന്ധമാണ് . ഇങ്ങനെ പുതിയ തോക്കുകൾ ഒന്നുമില്ല, തോക്കുകൾ വന്നാൽ അത് ഒരാൾക്ക് കൊടുക്കുന്നതിന് മുന്നേ ഒരു അയ്യായിരം പ്രാവശ്യം ഫയർ ചെയ്തുകാണും. പല പല പ്രോസസ്സ് വഴി കടന്നുപോയിട്ടാണ് ഒരു ആയുധം ഒരാളുടെ ക്യിൽ എത്തുന്നത്. ഈ ആയുധം ഒന്നും ആരുടേയും മുറിയിൽ കൊണ്ടുപോയി നിരത്തി ഇടാൻ കഴിയില്ല. അത് വയ്ക്കുന്ന സ്ഥലത്ത് ചെന്ന് അത് എടുത്ത് നേരെ പോവുകയാണ് ചെയ്യുന്നത്. പിന്നെ ഈ ഓഫിസർ എന്ത് ഓപ്പറേഷന് ആണ് പോയത് ഏതു സെക്ടറിൽ ആണ് ഈ സംഭവം നടന്നത്?
ഞാൻ അടക്കം കാശ്മീരിൽ പട്ടാള ക്യാമ്പിൽ ചെന്നാൽ കയറാൻ പല ഫോർമാലിറ്റി ഉണ്ട്. എന്റെ ബാച്ച് മേറ്റ് ഗേറ്റിൽ എന്റെ പേര് കൊടുത്തിട്ടുണ്ടാകും. അല്ലാതെ പെട്ടെന്ന് ആർക്കും കടന്നു ചെല്ലാൻ കഴിയില്ല. ഒരു ഓഫിസർ ആയാൽ പോലും ഒരുപാട് പ്രാവശ്യം ചെക്ക് ചെയ്തിട്ടാണ് അകത്ത് വിടുന്നത്. ഒരു സാധാരണക്കാരനാണെങ്കിൽ പത്ത് പ്രാവശ്യം ചെക്ക് ചെയ്യും. പറയുന്നത് കേട്ടിട്ട് ഈ പറയുന്ന സന ഒരു ക്യാപ്റ്റൻ അല്ലെങ്കിൽ താഴ്ന്ന റാങ്കിൽ ഉള്ള ഓഫിസർ ആയിരിക്കും. അവർക്ക് ഒരു സാധാരണക്കാരനെ അകത്ത് കയറ്റണമെങ്കിൽ മുകളിൽ നിന്നൊക്കെ പെർമിഷൻ വാങ്ങണം. അങ്ങനെയുള്ളിടത്താണ് ഡെയിലി അഫയറിനായി പോകുന്നത്. എന്ത് അസംബന്ധമാണ് ഈ പറയുന്നത്. നിങ്ങൾ കശ്മീരിൽ ടൂറിസ്റ്റ് ആയി പോയാൽ പോലും കാണാം കോട്ട പോലത്തെ മതിലിനുള്ളിൽ ഉള്ള പട്ടാള ക്യാമ്പുകൾ. അവിടെ അങ്ങനെ പെട്ടെന്നൊന്നും കയറി ചെല്ലാൻ കഴിയില്ല. ഇത്തരത്തിൽ നുണക്കഥകൾ പറഞ്ഞ് ഒരു ഷോയിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്.
ഇദ്ദേഹം വുഷുവിൽ ഇന്റർനാഷ്നൽ ചാമ്പ്യൻ ആണെന്നൊക്കെ ആണ് പറയുന്നത്. പക്ഷേ അയാൾ ചാമ്പ്യൻ ആണെന്ന് പറയുന്ന വർഷം വേറൊരാളുടെ പേരാണ് സൈറ്റിൽ കൊടുത്തിരിക്കുന്നത്. അവിടെത്തന്നെ കള്ളത്തരം പറഞ്ഞാണ് കയറിയിരിക്കുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണം. ഒരു സ്ത്രീക്ക് എങ്ങനെ ബഹുമാനം കൊടുക്കണം എന്നൊക്കെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ അനിയൻ മിഥുന്റെ പേരിനൊപ്പം പ്രചരിക്കുന്ന കമാൻഡർ സന എന്ന ഓഫിസറുടെ ഫോട്ടോ ഒരു പാക്കിസ്ഥാൻ ഓഫിസറുടേതാണ്. അവരുടെ തോളിൽ കിടക്കുന്നത് പാക്കിസ്ഥാൻ ആർമിയുടെ മേജറിന്റെ റാങ്കാണ്. അത് ഒരു ഇന്ത്യൻ അല്ല. ഏതോ ഒരു ഓഫിസറുടെ പടം എടുത്ത് പ്രചരിപ്പിക്കുകയാണ്. ഇന്ത്യയുടെ പതാക പൊതിഞ്ഞ മൃതശരീരത്തെ കെട്ടിപ്പിടിച്ച് കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുവത്രേ. ദേശീയ പതാക പുതച്ച ദേഹത്ത് എന്ത് പറഞ്ഞാണ് വീണു കരയാൻ പോയത്. അങ്ങനെ ഒരു മൃതദേഹം കൊണ്ട് വന്നാൽ വളരെ അച്ചടക്കമുള്ള ഒരു സെറിമണി ആയിട്ടായിരിക്കും ചടങ്ങു നടത്തുക. അവിടെയാണോ ഞാൻ അവളുടെ കാമുകൻ ആണെന്ന് പറഞ്ഞു കരയാൻ ചെല്ലുന്നത്. കുറച്ചെങ്കിലും ഭാവന ഉണ്ടെങ്കിൽ ഇതിലും വിശ്വാസം വരുന്ന രീതിയിൽ കഥപറയാമായിരുന്നു.
ഇത്തരത്തിലുള്ള നുണക്കഥകൾ പടച്ചു വിടുമ്പോൾ പത്തുപ്രാവശ്യം ചിന്തിക്കുക കുറെ ആളുകൾ അകത്തും പുറത്തുമിരിപ്പുണ്ട്. ഇതിനെല്ലാം വിശദീകരണം കൊടുക്കേണ്ടി വരും. മോഹൻലാൽ രാജ്യസ്നേഹിയായ ഒരു വ്യക്തിയാണ്. അദ്ദേഹം ആർമിയിലും ജോലിയിലും കൊടുക്കുന്ന ബഹുമാനവും ആത്മസമർപ്പണവും വളരെ വലുതാണ്. അദ്ദേഹം ഈ വിഷയം വെറുതെ വിടുമെന്ന് തോന്നുന്നില്ല. മരിച്ചുപോയ ഒരു പെൺകുട്ടിയുടെ പേരും പട്ടാളത്തെയും മോശമാക്കുന്ന രീതിയിൽ സംസാരിക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വരും. ആ മനുഷ്യന്റെ വിവരം അത്രയേ ഉള്ളൂ എന്നാണു ഞാൻ കരുതുന്നത്. ഇന്ത്യൻ പട്ടാളത്തിന് എതിരെ ഇത്തരത്തിൽ നുണക്കഥ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റം ആയി വരും. പക്ഷേ ഇവിടെ നമുക്ക് ഈ മനുഷ്യൻ പറയുന്നത് അവഗണിക്കാം എന്ന് തോന്നുന്നു. ഒന്നുമില്ലാതെ ഇരിക്കുന്ന സമയത്ത് ആളുകളെ കയ്യിലെടുക്കാൻ എന്തോ പറഞ്ഞു എന്ന് കരുതിയാൽ മതി.
അയാൾ ഫേക്ക് ആണ്. വുഷു ചാമ്പ്യൻഷിപ്പുമായി ബന്ധമില്ലെന്നാണ് അധികാരികൾ തന്നെ പറയുന്നത്. ഇത്രയും വലിയ റീച്ചുള്ള ബിഗ് ബോസ് പോലൊരു ഷോയിൽ കയറി നിന്നു കൊണ്ട് ഇന്ത്യൻ ആർമിയെക്കുറിച്ചും അതിൽ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തി തീർത്തു. ഈ വ്യക്തിയെ നമ്മൾ ഔദ്യോഗികമായി വിളിപ്പിച്ച് കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. കാരണം ലാലേട്ടന്റെ നാല് ചോദ്യങ്ങൾ ആയാൾക്ക് താങ്ങാൻ പറ്റിയില്ല. ബോധം കെട്ട് വീണ് പോയി. ഔദ്യോഗികമായി ചോദ്യം ചെയ്താൽ അയാൾ ഒറ്റ ചോദ്യത്തിന് തലകറങ്ങി വീഴും. ചിലപ്പോൾ ഹാർട്ട് അറ്റാക്കും വരാം. സ്വന്തം സംസ്കാരവും വിവരമില്ലായ്മയും ആണ് ആ വ്യക്തി തുറന്നുകാട്ടുന്നത്. താൻ വലിയ സംഭവമാണെന്ന് കാണിക്കാൻ ചെയ്ത കാട്ടിക്കൂട്ടലുകൾ ആണ് ഇതെല്ലാം.
നടപടി എടുക്കുക ആണെങ്കില്‍ ആര്‍മി ഇയാള്‍ക്ക് ആദ്യം നോട്ടീസ് അയയ്ക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. താങ്ങാൻ പറ്റില്ല ആ പയ്യന്. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യം. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന് അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷേ അവനത് എടുത്തില്ല. അത്രയും മെന്റലി ഓഫായിരിക്കുന്നു. ബിഗ് ബോസിലും അധികനാള്‍ തുടരാനാകുമെന്ന് തോന്നുന്നില്ല. ആക്ഷൻ എടുത്ത് കഴിഞ്ഞാൽ വളരെ സീരിയസ് ആയിരിക്കും. ഞാന്‍ ഇതിനെ കാണുന്നത് മാനസിക പ്രശ്നമുള്ളൊരു വ്യക്തി ഒരു സ്വപ്ന ലോകമുണ്ടാക്കി അതിനകത്ത് ജീവിക്കുകയാണ് എന്നാണ്’’.– മേജർ രവി പറയുന്നു.
ബിഗ് ബോസ് ഷോയിൽ വീക്ലി ടാസ്കായി സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുന് എന്ന മത്സരാർഥി ഇന്ത്യൻ ആർമിയിലെ ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫിസര്‍ റാങ്കില്‍ ഒരു വനിതയെ പരിചപ്പെട്ടെന്നും, അവള് പഞ്ചാബി ആയിരുന്നെന്നും, തുടര്‍ന്ന് അവൾ പ്രൊപ്പോസ് ചെയ്തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ചു മരിച്ചു എന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്. അതേസമയം ഇന്ത്യന്‍ ആർമിയെക്കുറിച്ചുള്ള മിഥുന്റെ വെളിപ്പെടുത്തലുകളെ ഷോയുടെ അവതാരകന് മോഹന്‍ലാലും ചോദ്യം ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം