'എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ; മാലിക് നാളെ ആമസോൺ പ്രൈമിലൂടെ നിങ്ങളുടെ മുന്നില്‍': ആന്റോ ജോസഫ്

malik

ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് നാളെ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മഹേഷ് നാരായണൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആൻ്റോ ജോസഫ് ആണ് നിർമ്മിച്ചിരിക്കുന്നത്.

തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ,താൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമയാണ് മാലിക് എന്ന് നിര്‍മ്മാതാവ് ആൻ്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

"നീണ്ടുനീണ്ടു പോവുന്ന കോവിഡ്‌ അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക്‌ ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, OTT യിൽ വിപണനം ചെയ്തുകൊണ്ട്‌, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി."- ആൻ്റോ ജോസഫ് കുറിച്ചു.


 
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മാലിക്‌ നാളെ നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്‌. അമസോൺ പ്രൈമിലൂടെ. ഒരുപാട്‌ പേരുടെ സ്വപ്നമാണ്‌, മാലിക്‌. എഴുതി സംവിധാനം ചെയ്ത മഹേഷ് ‌ നാരായണന്റെ, സ്വയം സമർപ്പിച്ചഭിനയിച്ച ഫഹദിന്റെ, നിമിഷ സജയന്റെ, ജോജുവിന്റെ, വിനയ് ഫോർട്ടിന്റെ, മറ്റ്‌ അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്റെ, സംഗീതം കൊടുത്ത സുഷിൻ ശ്യാമിന്റെ, ശബ്ദരൂപകൽപ്പന നിർവ്വഹിച്ച വിഷ്ണു ഗോവിന്ദിന്റെ, ആർട്ട്‌ ഡയറക്റ്റർ സന്തോഷ്‌ രാമന്റെ, കൊസ്റ്റ്യുംസ്‌ ഡിസൈൻ ചെയ്ത ധന്യ ബാലകൃഷ്ണന്റെ, മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയുടെ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യന്റെ, ഇവർക്കെല്ലാം ഈ സിനിമ, അതിന്റെ വലിപ്പത്തിലും, മിഴിവിലും, ശബ്ദഭംഗിയിലും, തീയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തീർച്ചയായും, ഒരു ഗംഭീര തീയറ്റർ അനുഭവം ആകുമായിരുന്നു, മാലിക്‌. ഏറെ കഷ്ടപ്പാടുകൾക്കിടയിലും, നിർമ്മാതവ്‌ എന്ന നിലയിൽ മലിക്‌ എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ്‌ അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക്‌ ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, OTT യിൽ വിപണനം ചെയ്തുകൊണ്ട്‌, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി. മാലിക്‌ നിങ്ങളിലേക്ക്‌ എത്തുകയാണ്‌. കാണുക, ഒപ്പം നിൽക്കുക. ഏറെ സ്നേഹത്തോടെ Anto Joseph